ദാവോസിൽ അതിനിർണായക കുടിക്കാഴ്ച; സെലൻസ്‌കിയെ കണ്ട് ട്രംപ്, “യുദ്ധം അവസാനിക്കണം, പക്ഷേ ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്”; പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ്

ദാവോസ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർണ്ണായക കൂടിക്കാഴ്ച നടത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ചർച്ച നല്ല രീതിയിലാണ് അവസാനിച്ചതെന്ന് ട്രംപ് പ്രതികരിച്ചു. എങ്കിലും യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് ഇനിയും “ഒരുപാട് ദൂരം” സഞ്ചരിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ യുദ്ധം അവസാനിക്കണം. വളരെയധികം ആളുകൾ കൊല്ലപ്പെടുന്നുണ്ട്. അത് അവസാനിക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ,” സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അടച്ചിട്ട മുറിയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ ഗാസയുടെ പുനർനിർമ്മാണത്തിനായി താൻ രൂപീകരിച്ച ‘ബോർഡ് ഓഫ് പീസി’നെ കുറിച്ച് സെലൻസ്‌കിയുമായി സംസാരിച്ചിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സമാധാന ചർച്ചകൾക്കായി ട്രംപിന്റെ പ്രതിനിധികൾ ഉടൻ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറും മോസ്കോയിൽ വെച്ച് പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പിക്കാനുള്ള ഈ ശ്രമങ്ങൾ തുടർച്ചയായ ഒരു പ്രക്രിയയാണെന്നും എല്ലാവരും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് ദാവോസിൽ പറഞ്ഞു.

More Stories from this section

family-dental
witywide