
വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ നടത്തിയ സൈനിക നീക്കം വൻ വിജയമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിംഗ്ടൺ ഡി.സി.യിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ യോഗത്തിൽ സംസാരിക്കവേയാണ്, ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയുടേതാണെന്ന് ഈ ഓപ്പറേഷൻ തെളിയിച്ചതായി അദ്ദേഹം അവകാശപ്പെട്ടത്. അതീവ അപകടസാധ്യതയുള്ള ഈ നീക്കം തന്ത്രപരമായി മികച്ചതായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. മഡുറോയുടെ ഒളിത്താവളത്തിന് സമീപം എത്തുന്നതിന് തൊട്ടുമുമ്പ് വെനസ്വേലയിലെ പ്രധാന ഭാഗങ്ങളിലെ വൈദ്യുതി ബന്ധം അമേരിക്കൻ സൈന്യം വിച്ഛേദിച്ചു. ഇത് സൈന്യത്തിന് സർപ്രൈസ് അറ്റാക്ക് നടത്താൻ സഹായകമായി.
ഈ ദൗത്യത്തിനിടെ അമേരിക്കൻ പക്ഷത്ത് ആർക്കും ജീവഹാനി സംഭവിച്ചില്ല എന്നത് വലിയ നേട്ടമാണെന്ന് ട്രംപ് പറഞ്ഞു. അതേസമയം, മറുവശത്ത് വലിയ തോതിൽ ആൾനാശം ഉണ്ടായതായും അദ്ദേഹം സൂചിപ്പിച്ചു. മഡുറോയെ പിടികൂടിയ നടപടിയെ ചോദ്യം ചെയ്യുന്ന ഡെമോക്രാറ്റിക് പാർട്ടിയെ ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. ഈ വലിയ വിജയത്തിൽ തന്നെ അഭിനന്ദിക്കുന്നതിന് പകരം ആശങ്കകൾ പ്രകടിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കൻ സൈനികരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ നടന്ന ഈ നീക്കം ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വെനസ്വേലയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്കും മഡുറോയുടെ ഭരണത്തിനും ഇതോടെ അന്ത്യമായെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ.















