‘സ്വന്തം കാര്യം നോക്കാൻ പഠിക്കൂ, അമേരിക്ക ഇനി കൂടെയുണ്ടാകില്ല’; ഹോർമുസ് വിഷയത്തിൽ ലോകരാജ്യങ്ങൾക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ വിട്ടുനിൽക്കുന്ന ലോക രാജ്യങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. ചൊവ്വാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് യൂറോപ്യൻ രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കുമെതിരെ ആഞ്ഞടിച്ചത്. ഇറാന്റെ പ്രധാന സൈനിക ശേഷി തകർക്കുന്നതിൽ പങ്കുചേരാൻ വിസമ്മതിച്ച ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇനി മുതൽ സ്വന്തം നിലയ്ക്ക് ഹോർമൂസിലടക്കം പോരാടാൻ ശീലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കാരണം വിമാന ഇന്ധനത്തിന് ക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് ട്രംപ് രണ്ട് പരിഹാസരൂപേണയുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. “ഒന്നാമതായി, അമേരിക്കയുടെ പക്കൽ ആവശ്യത്തിന് ഇന്ധനമുണ്ട്, അത് ഞങ്ങളിൽ നിന്ന് വാങ്ങുക. രണ്ടാമതായി, വൈകിയാണെങ്കിലും അല്പം ധൈര്യം സംഭരിച്ച് ഹോർമുസ് കടലിടുക്കിലേക്ക് നേരിട്ട് ചെന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് പിടിച്ചെടുക്കുക,” ട്രംപ് കുറിച്ചു. ഇറാൻ ഏകദേശം തകർക്കപ്പെട്ടു കഴിഞ്ഞെന്നും കഠിനമായ ജോലികളെല്ലാം അമേരിക്ക ചെയ്തുതീർത്തെന്നും ഇനി നിങ്ങളുടെ എണ്ണ സ്വന്തം നിലയ്ക്ക് കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഖ്യകക്ഷിയെന്ന നിലയിൽ തങ്ങളെ സഹായിക്കാത്ത രാജ്യങ്ങളെ തിരികെ സഹായിക്കാൻ ഇനി അമേരിക്ക ഉണ്ടാകില്ലെന്ന കടുത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. “നിങ്ങൾ ഞങ്ങൾക്ക് വേണ്ടി അവിടെ ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ ഇനി മുതൽ നിങ്ങളെ സഹായിക്കാൻ അമേരിക്കയും ഉണ്ടാകില്ല,” ട്രംപിന്റെ വാക്കുകളിൽ അമർഷം വ്യക്തമായിരുന്നു. ഇറാൻ യുദ്ധത്തിൽ സജീവമായി പങ്കുചേരാൻ മടിച്ചുനിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് തന്നെ ചൊടിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആവർത്തിച്ചു. പടിഞ്ഞാറൻ സഖ്യകക്ഷികൾക്കിടയിലെ ഈ പരസ്യമായ ഭിന്നത പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പുതിയ നയതന്ത്ര പ്രതിസന്ധികൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide