
വാഷിംഗ്ടൺ: അമേരിക്കൻ തെരുവുകളിൽ അക്രമങ്ങൾ നടക്കാനോ ആളുകൾക്ക് പരിക്കേൽക്കാനോ അവർ കൊല്ലപ്പെടുന്നത് കാണാനോ പ്രസിഡൻ്റ് ട്രംപ് ആഗ്രഹിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് ലക്ഷ്യമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്നാൽ, മിനസോട്ട പോലുള്ള ഇടങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള നാടുകടത്തൽ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഭരണകൂടത്തിൻ്റെ തീരുമാനമെന്ന് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു.
നിയമലംഘകരായ കുടിയേറ്റക്കാരെ ‘അക്രമാസക്തരായ ക്രിമിനലുകൾ’ എന്ന് വിശേഷിപ്പിച്ച വൈറ്റ് ഹൗസ്, പൊതുജനസുരക്ഷ മുൻനിർത്തി ഇത്തരക്കാരെ പുറത്താക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ചു. മിനസോട്ടയിലെ മിനിയാപൊളിസിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് അലക്സ് പ്രെറ്റി എന്ന ആൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം. ഒരു മാസത്തിനുള്ളിൽ മിനസോട്ടയിൽ ഒരു യുഎസ് പൗരൻ വെടിയേറ്റു മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളെ കണ്ടത്.
മിനസോട്ടയിലെ ഡെമോക്രാറ്റിക് നേതാക്കൾ ഫെഡറൽ ഏജന്റുമാരോട് സഹകരിക്കാത്തതാണ് ഇത്തരം സംഘർഷങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമാകുന്നതെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു. മിനസോട്ടയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും ഐസിഇ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പ്രസിഡൻ്റ് ട്രംപ് ‘ബോർഡർ സാർ’ ടോം ഹോമനെ അവിടേക്ക് നിയോഗിച്ചിട്ടുണ്ട്.
“Trump doesn’t want to see violence or people being killed on American streets, but he won’t back down from efforts to deport ‘illegal immigrants’.”- Karoline Leavitte















