എണ്ണവില ഉയരുന്നതിനെ നിസാരമാക്കി ട്രംപ്; എണ്ണവില ഉയരുന്നത് യുഎസിന് വലിയ ലാഭമെന്ന് പ്രതികരണം, ഇറാന് മുന്നറിയിപ്പും

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം മൂലം ആഗോള വിപണിയിൽ എണ്ണവില ഉയരുന്നതിനെ നിസാരമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യമായ അമേരിക്കയ്ക്ക് എണ്ണവില വർധിക്കുന്നത് സാമ്പത്തികമായി വലിയ ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ട്രംപ് ഈ നിലപാട് വ്യക്തമാക്കിയത്.

“അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യം. അതിനാൽ എണ്ണവില ഉയരുമ്പോൾ നമുക്ക് വലിയ ലാഭമുണ്ടാകും. എന്നാൽ എനിക്ക് അതിലും കൂടുതൽ പ്രാധാന്യമുള്ളത് ഇറാന്റെ ആണവ പദ്ധതികൾ തടയുന്നതാണ്. മധ്യേഷ്യയെയും ലോകത്തെയും നശിപ്പിക്കാൻ ഇറാനെ ഞാൻ അനുവദിക്കില്ല,” ട്രംപ് കുറിച്ചു.
ഈ സംഘർഷം ഹ്രസ്വകാലം മാത്രമാകുമെന്നും ഇറാന്റെ ഭീഷണി നീങ്ങിയാൽ എണ്ണവില സ്വാഭാവികമായി കുറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ഇറാൻ്റെ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റ ആയത്തുള്ള മൊജ്തബ ഖമേനി തൻ്റെ ആദ്യ ഔദ്യോഗിക സന്ദേശത്തിലൂടെ നിലപാട് വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെയും ഇറാനികളുടെയും ചോരയ്ക്ക് പകരം ചോദിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഖമേനിയുടെ വിയോഗത്തിന് ശേഷം പദവി ഏറ്റെടുത്ത മൊജ്തബ, സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇറാൻ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിൽ പുറത്തുവന്ന ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.

More Stories from this section

family-dental
witywide