വാഷിങ്ടൺ: 2026-ലെ അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന സ്വതന്ത്ര ഫെഡറൽ ഏജൻസിയായ ഇലക്ഷൻ അസിസ്റ്റൻസ് കമ്മിഷന്റെ (EAC) അവസാന രണ്ട് കമ്മിഷണർമാരെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തിരഞ്ഞെടുപ്പുകൾ സുരക്ഷിതവും സുതാര്യവുമായി നടത്താൻ മാർഗനിർദേശങ്ങളും സാങ്കേതിക സഹായവും നൽകുന്ന സ്ഥാപനമാണ് ഇഎസി. നാല് അംഗങ്ങളുള്ള ഉഭയകക്ഷി സംവിധാനമായാണ് കമ്മിഷൻ രൂപവത്കരിച്ചിരിക്കുന്നത്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി നാമനിർദേശം ചെയ്ത രണ്ട് കമ്മിഷണർമാർ നേരത്തെ രാജിവെച്ചതോടെ ഡെമോക്രാറ്റിക് പാർട്ടി നാമനിർദേശം ചെയ്ത രണ്ട് അംഗങ്ങൾ മാത്രമാണ് കമ്മിഷനിൽ അവശേഷിച്ചിരുന്നത്.
വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നിന്ന് അയച്ച ഇ-മെയിലിലൂടെയാണ് ഇരുവരെയും ഉടൻ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ പുറത്താക്കിയ വിവരം അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിന്റെ നിർദേശപ്രകാരം, ഇലക്ഷൻ അസിസ്റ്റൻസ് കമ്മിഷണർ എന്ന നിലയിലുള്ള നിങ്ങളുടെ നിയമനം ഉടൻ പ്രാബല്യത്തിൽ അവസാനിപ്പിച്ചിരിക്കുന്നു,” എന്നാണ് ഇ-മെയിലിൽ പറഞ്ഞിരുന്നത്. ട്രംപിന്റെ നടപടി ഡെമോക്രാറ്റിക് നേതാക്കളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രൂക്ഷമായി വിമർശിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കമ്മിഷനിലെ എല്ലാ അംഗങ്ങളെയും പുറത്താക്കിയത് തിരഞ്ഞെടുപ്പ് നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
അരിസോണ സംസ്ഥാന സെക്രട്ടറി അഡ്രിയൻ ഫോണ്ടസ് ഈ തീരുമാനത്തെ “നിരുത്തരവാദപരവും അപകടകരവും” എന്ന് വിശേഷിപ്പിച്ചു. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിർജീനിയയിൽ നിന്നുള്ള സെനറ്റർ മാർക്ക് വാർണറും നടപടിയെ വിമർശിച്ചു. 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കമ്മിഷനിലെ എല്ലാ അംഗങ്ങളെയും പുറത്താക്കിയത് അസാധാരണ നടപടിയാണ്. ഇതിന് ഭരണകൂടം ഉടൻ വിശദീകരണം നൽകണം എന്ന് അദഹം ആവശ്യപ്പെട്ടു. ബ്രെന്നൻ സെന്റർ ഫോർ ജസ്റ്റിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് മൈക്കൽ വാൾഡ്മാനും തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ ട്രംപ് തുടർച്ചയായി ശ്രമിക്കുന്ന സാഹചര്യത്തിൽ ഈ നടപടി ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പരമാവധി രണ്ട് അംഗങ്ങൾ മാത്രമേ കമ്മിഷനിലുണ്ടാകാവൂ എന്ന വ്യവസ്ഥയോടെ ഉഭയകക്ഷി സംവിധാനമായാണ് കോൺഗ്രസ് ഇഎസിയെ രൂപവത്കരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2002-ൽ രൂപീകരിച്ച ഇഎസി, വോട്ടിംഗ് യന്ത്രങ്ങൾക്ക് അംഗീകാരം നൽകുകയും തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ഫെഡറൽ സർക്കാർ അനുവദിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ ധനസഹായം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നതിനും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
വോട്ടർ രജിസ്ട്രേഷന് പൗരത്വ രേഖ നിർബന്ധമാക്കണമെന്ന ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുമായി ബന്ധപ്പെട്ട് നേരത്തെയും ഭരണകൂടവും ഇഎസിയും തമ്മിൽ അഭിപ്രായഭിന്നത ഉണ്ടായിട്ടുണ്ട്. പിന്നീട് ആ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ കോടതികൾ തടഞ്ഞിരുന്നു.കമ്മിഷന്റെ ഔദ്യോഗിക തീരുമാനങ്ങൾക്ക് നാല് അംഗങ്ങളിൽ കുറഞ്ഞത് മൂന്ന് പേരുടെ പിന്തുണ ആവശ്യമാണ്. നിലവിൽ എല്ലാ കമ്മിഷണർ സ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുന്നതിനാൽ പുതിയ നിയമനങ്ങൾ പൂർത്തിയാകുന്നതുവരെ കമ്മിഷന്റെ പ്രവർത്തനം സാധാരണ നിലയിലാകാൻ മാസങ്ങൾ എടുത്തേക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, അമേരിക്കൻ തിരഞ്ഞെടുപ്പുകൾ സുരക്ഷിതമാക്കുകയും നിയമാനുസൃതമായ എല്ലാ വോട്ടുകളും എണ്ണപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനായി ഭരണകൂടത്തിന്റെ ലക്ഷ്യങ്ങളുമായി പൂർണമായി യോജിക്കാത്തവരെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രസിഡന്റിന് അധികാരമുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
Trump fires final two US election commissioners ahead of 2026 midterms polls















