
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ ചിത്രം ഇപ്പോൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. തന്‍റെ പ്രിയപ്പെട്ട വിഷയങ്ങളിലൊന്നായ കാറ്റാടി യന്ത്രങ്ങൾക്കെതിരെ വർഷാവസാന പോസ്റ്റിലൂടെ അദ്ദേഹം രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. അമേരിക്കയുടെ അഭിമാനമായ ബാൾഡ് ഈഗിളുകളെ കാറ്റാടി യന്ത്രങ്ങൾ കൊന്നൊടുക്കുന്നു എന്നതായിരുന്നു ട്രംപിന്‍റെ ആരോപണം. ട്രൂത്ത് സോഷ്യൽ എന്ന പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഈ പോസ്റ്റിൽ കാറ്റാടി യന്ത്രത്തിന് താഴെ ചത്തുകിടക്കുന്ന ഒരു പക്ഷിയുടെ ചിത്രം അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന്‍റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടത് അദ്ദേഹത്തിന് തിരിച്ചടിയായി.
കാറ്റാടി യന്ത്രങ്ങൾ നമ്മുടെ മനോഹരമായ ബാൾഡ് ഈഗിളുകളെ കൊല്ലുന്നു എന്ന അടിക്കുറിപ്പോടെയാണ് ട്രംപ് ഈ ചിത്രം പങ്കുവെച്ചത്. എന്നാൽ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി നടത്തിയ പരിശോധനയിൽ ഈ ചിത്രത്തിന് അമേരിക്കയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. ഈ ചിത്രം വർഷങ്ങൾക്ക് മുൻപ് ഇസ്രായേലിൽ നിന്നുള്ളതാണെന്നും അതിൽ കാണുന്ന പക്ഷി ബാൾഡ് ഈഗിൾ അല്ലെന്നും കണ്ടെത്തുകയായിരുന്നു. ഇസ്രായേലിലെ പത്രമായ ഹാരെറ്റ്‌സിൽ 2017-ൽ വന്ന ഒരു ലേഖനത്തിലാണ് ഇതേ ചിത്രം മുൻപ് ഉപയോഗിച്ചിട്ടുള്ളത്. അമേരിക്കയുടെ ഔദ്യോഗിക ചിഹ്നമായ ബാൾഡ് ഈഗിളിനെ സംരക്ഷിക്കാനുള്ള വൈകാരികമായ നീക്കം എന്ന നിലയിൽ ട്രംപ് ഇത് അവതരിപ്പിച്ചെങ്കിലും വസ്തുതാപരമായ പിശകുകൾ വലിയ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസിന്‍റെ ഔദ്യോഗിക അക്കൗണ്ടും യുഎസ് ഊർജ്ജ വകുപ്പും ഈ പോസ്റ്റ് ഷെയർ ചെയ്തതോടെ വിഷയം കൂടുതൽ ഗൗരവകരമായ ചർച്ചയായി മാറി. കാറ്റാടി യന്ത്രങ്ങൾ കാഴ്ചയ്ക്ക് അഭംഗിയാണെന്നും ചിലവേറിയതാണെന്നും വന്യജീവികൾക്ക് അപകടകരമാണെന്നും ട്രംപ് കാലങ്ങളായി വാദിക്കുന്നുണ്ട്. പുനരുപയോഗ ഊർജ്ജ മേഖലയ്ക്കെതിരെയുള്ള തന്‍റെ സ്ഥിരം നിലപാടിന്റെ ഭാഗമായാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ ഇസ്രായേലിൽ നിന്നുള്ള പഴയ ചിത്രം അമേരിക്കയിലെ സാഹചര്യമെന്ന രീതിയിൽ പ്രചരിപ്പിച്ചത് അദ്ദേഹത്തിന്റെ വാദങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്.















