
വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണ വിപണിയിലെ ആശങ്കകൾക്കിടെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യക്ക് അനുമതി നൽകിയ നടപടിയെക്കുറിച്ച് പ്രതികരണവുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. എണ്ണ വിപണിയിലെ “സമ്മർദ്ദം അല്പം കുറയ്ക്കാൻ” വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നായിരുന്നു ട്രംപിൻ്റെ വിശദീകരണം.
ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങുന്നത് തുടരാൻ 30 ദിവസത്തെ “താൽക്കാലിക” ഇളവ് നൽകുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിൻ്റെ ഈ പരാമർശം. കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുടെ ഇടപാടുകൾക്ക് മാത്രമാണ് ഈ അനുമതിയെന്നും, ഇത് റഷ്യയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിക്കില്ലെന്നും ബെസൻ്റ് വ്യക്തമാക്കിയിരുന്നു.
എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇന്ത്യക്കുള്ള ഇളവിനെക്കുറിച്ചും തന്ത്രപ്രധാനമായ എണ്ണശേഖരം (SPR) ഉപയോഗിക്കുന്നതിനെക്കുറിച്ചും ട്രംപിനോട് ചോദിച്ചത്. “എണ്ണ വിപണിയിലെ സമ്മർദ്ദം കുറയ്ക്കാൻ വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്. നമ്മുടെ രാജ്യത്ത് ആവശ്യത്തിന് എണ്ണയുണ്ട്,” ട്രംപ് പറഞ്ഞു. സ്ട്രാറ്റജിക് പെട്രോളിയം റിസർവിനെക്കുറിച്ച് സംസാരിക്കവെ, താനാണ് അത് കെട്ടിപ്പടുത്തതെന്നും എന്നാൽ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ബൈഡൻ അത് ഉപയോഗിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാൻ ആഗോള ഊർജ്ജ മേഖലയെ ബന്ദിയാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ആഗോള സമ്മർദ്ദം ഒഴിവാക്കാനാണ് ഈ താൽക്കാലിക നടപടിയെന്ന് സ്കോട്ട് ബെസൻ്റ് എക്സിൽ കുറിച്ചിരുന്നു. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്നും ഭാവിയിൽ ഇന്ത്യ അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ സംഘർഷം മൂലം വിപണിയിലുണ്ടായ ആഘാതം കുറയ്ക്കാനാണ് ഇന്ത്യയെ റഷ്യൻ എണ്ണ വാങ്ങാൻ അനുവദിച്ചതെന്ന് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും നേരത്തെ വിശദീകരിച്ചു. കപ്പലുകളിൽ ഇതിനകം എത്തിയ എണ്ണ വേഗത്തിൽ വിപണിയിലെത്തിക്കാൻ ഈ തീരുമാനം സഹായിക്കുമെന്നും എണ്ണവില കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഹ്രസ്വകാല നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Trump has reacted to the move to allow India to buy oil from Russia.















