
വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ചില്ലെങ്കിൽ ഡെമോക്രാറ്റുകൾ തന്നെ വീണ്ടും ഇംപീച്ച് ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ജനുവരി 6-ന് വാഷിംഗ്ടണിൽ നടന്ന ഹൗസ് റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളുടെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, തന്നെ ഇംപീച്ച് ചെയ്യാൻ ഡെമോക്രാറ്റുകൾ എന്തെങ്കിലും കാരണം കണ്ടെത്തുമെന്നാണ് ട്രംപ് പറയുന്നത്. ട്രംപ് പറയുംപോലെ സംഭവിച്ചാൽ, ട്രംപിന്റെ ഭരണകാലത്തെ മൂന്നാമത്തെ ഇംപീച്ച്‌മെന്റായിരിക്കും ഇത്. തന്റെ ആദ്യ ടേമിൽ അദ്ദേഹം രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിട്ടിരുന്നു.
“നിങ്ങൾ ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിക്കണം’ കാരണം, നമ്മൾ വിജയിച്ചില്ലെങ്കിൽ, അത് അങ്ങനെയായിരിക്കും – അതായത്, അവർ എന്നെ ഇംപീച്ച് ചെയ്യാൻ ഒരു കാരണം കണ്ടെത്തും, എന്നെ ഇംപീച്ച് ചെയ്യും.”-” ട്രംപ് വാഷിംഗ്ടണിൽ ഒരു അടച്ചിട്ട വാതിലിൽ നടന്ന റിട്രീറ്റിൽ ഹൗസ് റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളോട് പറഞ്ഞു.
ട്രംപിൻ്റെ വാക്കുകൾ തിരഞ്ഞെടുപ്പ് തന്ത്രമായും വിലയിരുത്തപ്പെടുന്നുണ്ട്. തന്റെ നയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനും തിരഞ്ഞെടുപ്പിൽ വിജയിക്കാനായി ഒറ്റക്കെട്ടായി നിൽക്കാനും അദ്ദേഹം പാർട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്തു. ആരോഗ്യ സംരക്ഷണം, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രധാന നിർദ്ദേശം.
നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയിലെ എല്ലാ സീറ്റുകളിലേക്കും സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കുമാണ് മത്സരം നടക്കുന്നത്. ട്രംപിന്റെ രണ്ടാമത്തെ ഇംപീച്ച്‌മെന്റിന് കാരണമായ 2021 ജനുവരി 6-ലെ കാപിറ്റോൾ ആക്രമണത്തിന്റെ അഞ്ചാം വാർഷികത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത് എന്നത് ശ്രദ്ധേയമാണ്. 90 മിനിറ്റോളം നീണ്ടുനിന്ന പ്രസംഗത്തിൽ, അഞ്ച് വർഷം മുമ്പ് കാപ്പിറ്റോൾ കലാപത്തിനിടെ തൻ്റെ നടപടികളെ പ്രസിഡന്റ് ന്യായീകരിച്ചു.
അമേരിക്കൻ ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച്‌മെന്റ് നടപടികൾ നേരിട്ട ഏക പ്രസിഡന്റാണ് ട്രംപ്. രണ്ട് തവണയും പ്രതിനിധി സഭ കുറ്റപത്രം പാസാക്കിയെങ്കിലും സെനറ്റിൽ ആവശ്യമായ ഭൂരിപക്ഷം (മൂന്നിൽ രണ്ട്) ലഭിക്കാത്തതിനാൽ അദ്ദേഹം പദവിയിൽ നിന്ന് പുറത്താക്കപ്പെട്ടില്ല.
Trump has said that Democrats will impeach him if the Republican Party does not win the midterm elections in November.














