വൈറ്റ് ഹൗസിൽ നിർണ്ണായക കൂടിക്കാഴ്ച; ക്രിസ്റ്റി നോമിന് പിന്തുണയുമായി ട്രംപ്, മിനിയാപൊളിസിൽ നിന്ന് രാജ്യമാകെ പ്രതിഷേധം കനക്കുന്നു

വാഷിംഗ്ടൺ: മിനിയാപൊളിസിൽ ഫെഡറൽ ഏജന്‍റുകളുടെ വെടിയേറ്റ് ഐസിയു നഴ്‌സായ അലക്സ് പ്രെറ്റി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുന്നതിനിടെ, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സുപ്രധാന ചർച്ചകൾ നടത്തി. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം, അവരുടെ മുതിർന്ന ഉപദേശകൻ കോറി ലെവൻഡോവ്സ്കി എന്നിവരുമായി ഓവൽ ഓഫീസിൽ വെച്ച് ഏകദേശം രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. മിനിയാപൊളിസിൽ ഈ മാസം ഏജന്‍റുകളുടെ വെടിയേറ്റ് കൊല്ലപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് അലക്സ് പ്രെറ്റി.

സംഭവത്തിന് പിന്നാലെ ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തിലാണ് ക്രിസ്റ്റി നോം നേരിട്ട് ചർച്ചയ്ക്ക് സമയം ആവശ്യപ്പെട്ടത്. അലക്സ് പ്രെറ്റിയുടെ കൊലപാതകത്തിൽ ഭരണകൂടം വലിയ രീതിയിലുള്ള പ്രതിരോധത്തിലായെങ്കിലും, ക്രിസ്റ്റി നോമിനെയോ ലെവൻഡോവ്സ്കിയെയോ സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ ട്രംപ് തയ്യാറായിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. പകരം, റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് പോലും വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ, മിനസോട്ടയിൽ ഇമിഗ്രേഷൻ നയങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളാണ് നടന്നത്.

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നൽകാൻ വൈറ്റ് ഹൗസ് വിസമ്മതിച്ചെങ്കിലും, സെക്രട്ടറി ക്രിസ്റ്റി നോമിൽ പ്രസിഡന്‍റിന് പൂർണ്ണ വിശ്വാസമുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അലക്സ് പ്രെറ്റിയുടെ മരണത്തിന് പിന്നാലെ മിനിയാപൊളിസിലെ സുരക്ഷാ ചുമതലയിൽ നിന്ന് ബോർഡർ പട്രോൾ ചീഫ് ഗ്രെഗ് ബോവിനോയെ മാറ്റാനും പകരം ബോർഡർ സാർ ടോം ഹോമാനെ നിയോഗിക്കാനും ട്രംപ് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇത് മിനസോട്ടയിലെ നടപടികളിൽ നിന്ന് ഭരണകൂടം ഭാഗികമായി പിന്മാറുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

More Stories from this section

family-dental
witywide