ട്രംപിനെതിരായ വിസിൽബ്ലോവർ അലക്സാണ്ടർ വിൻഡ്മാൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്; ഫ്ലോറിഡയിൽ നിന്ന് സെനറ്റിലേക്ക് മത്സരിക്കും

വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഇംപീച്ച്‌മെന്റ് നടപടികളിൽ നിർണ്ണായക സാക്ഷിയായിരുന്ന റിട്ടയേർഡ് ലഫ്റ്റനന്റ് കേണൽ അലക്സാണ്ടർ വിൻഡ്മാൻ സജീവ രാഷ്ട്രീയത്തിലേക്ക്. ഫ്ലോറിഡയിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി യുഎസ് സെനറ്റിലേക്ക് മത്സരിക്കുമെന്ന് അദ്ദേഹം ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്രംപിന്‍റെ ഇമിഗ്രേഷൻ നയങ്ങളെയും മിനിയാപൊളിസിലെ വിവാദമായ വെടിവയ്പ്പുകളെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് വിൻഡ്മാന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.

2019ൽ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ ഉദ്യോഗസ്ഥനായിരിക്കെ, അന്നത്തെ പ്രസിഡന്‍റ് ട്രംപ് ഉക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കിക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തിയത് വിൻഡ്മാനും ഇരട്ട സഹോദരൻ യൂജിൻ വിൻഡ്മാനുമാണ് പുറത്തുകൊണ്ടുവന്നത്. ഇത് പിന്നീട് ട്രംപിന്‍റെ ഇംപീച്ച്‌മെന്റിലേക്ക് നയിച്ചു. നിലവിൽ യൂജിൻ വിൻഡ്മാൻ വിർജീനിയയിൽ നിന്നുള്ള കോൺഗ്രസ് അംഗമാണ്.

സെനറ്റിലെ റിപ്പബ്ലിക്കൻ പ്രതിനിധി ആഷ്‌ലി മൂഡിയെയാണ് അലക്സാണ്ടർ വിൻഡ്മാൻ നേരിടുന്നത്. മാർക്കോ റൂബിയോ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റതിനെത്തുടർന്ന് ഒഴിവുവന്ന സെനറ്റ് സീറ്റിലേക്ക് ഗവർണർ റോൺ ഡിസാന്‍റിസ് നിയമിച്ച വ്യക്തിയാണ് ആഷ്‌ലി മൂഡി. നവംബറിൽ നടക്കുന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് റൂബിയോയുടെ കാലാവധിയിലെ ബാക്കിയുള്ള രണ്ട് വർഷം സെനറ്റിൽ പൂർത്തിയാക്കാൻ സാധിക്കും.

തന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപന വീഡിയോയിൽ ട്രംപിനെ “ഏകാധിപതിയാകാൻ കൊതിക്കുന്നവൻ” എന്നും, ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുകളെ “ഗുണ്ടാപ്പട” എന്നുമാണ് വിൻഡ്മാൻ വിശേഷിപ്പിച്ചത്. മിനിയാപൊളിസിലെ വിവാദമായ ഇമിഗ്രേഷൻ നടപടികൾക്കിടെ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രംപിന്‍റെ നയങ്ങൾ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അതിനെതിരെ പോരാടാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും വിൻഡ്മാൻ വ്യക്തമാക്കി.

More Stories from this section

family-dental
witywide