ഇടക്കാല തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ ട്രംപ് അയോവയിൽ, “നമുക്ക് ജയിക്കണം, കഠിനമായി പരിശ്രമിക്കണം” എന്ന് ട്രംപിൻ്റെ ആഹ്വാനം  

വാഷിംഗ്ടൺ: ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച അയോവ സന്ദർശിച്ചു. അയോവയിലെ ക്ലൈവിൽ നടന്ന റാലിയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി അദ്ദേഹം പിന്തുണ തേടി.   

“നമുക്ക് ഇടക്കാല തിരഞ്ഞെടുപ്പിൽ ജയിക്കണം, അതിനായി കഠിനമായി പരിശ്രമിക്കണം” എന്ന് ട്രംപ് അയോവയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ തൻ്റെ ഭരണപരിഷ്കാരങ്ങളെ അത് ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമ്പത്തിക രംഗത്തെ നേട്ടങ്ങളും നികുതി കുറച്ചതും എടുത്തുപറഞ്ഞ ട്രംപ്, വരും മാസങ്ങളിൽ പ്രധാനപ്പെട്ട പല സംസ്ഥാനങ്ങളിലും പ്രചാരണത്തിനായി സന്ദർശനം നടത്തുമെന്ന് അറിയിച്ചു.

“ഇടക്കാല തിരഞ്ഞെടുപ്പിൽ നമ്മൾ പരാജയപ്പെട്ടാൽ, നമ്മൾ ഇപ്പോൾ സംസാരിക്കുന്ന പല കാര്യങ്ങളും, ആസ്തികളും, നികുതി ഇളവുകളും നിങ്ങൾക്ക് നഷ്ടമാകും,” അയോവയിലെ ക്ലൈവിലുള്ള ഹൊറൈസൺ ഇവന്റ്സ് സെന്ററിൽ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. “അത് വളരെ മോശമായ കാര്യങ്ങളിലേക്ക് നയിക്കും. നമുക്ക് ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിക്കണം. ഞാൻ ഇവിടെ വരാൻ കാരണം എനിക്ക് അയോവയോടുള്ള സ്നേഹം കൊണ്ടാണ്, എന്നാൽ അതിലുപരി ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് ഞാൻ ഇവിടെ എത്തിയത്.”- അദ്ദേഹം ആവേശംകൊണ്ടു.

അയോവയിലെ മൂന്ന് സീറ്റുകളെങ്കിലും ഇത്തവണ കടുത്ത മത്സരത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. അതിനാൽ തന്നെ പാർട്ടിക്ക് നിർണ്ണായകമായ ഈ സംസ്ഥാനത്ത് നിന്നാണ് അദ്ദേഹം പ്രചാരണത്തിന് തുടക്കം കുറിച്ചത്. 2026-ലെ പ്രസിഡന്റിന്റെ ആദ്യ പ്രചാരണയാത്രയായിരുന്നു അയോവയിലെ ഡെ മോയിൻ മേഖലയിലേക്ക് നടത്തിയത്. ഇടക്കാല തിരഞ്ഞെടുപ്പിൽ സഭ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ ഡെമോക്രാറ്റുകളും, അധികാരം നിലനിർത്താനുള്ള കഠിന ശ്രമത്തിൽ റിപ്പബ്ലിക്കൻമാരും മുന്നോട്ട് പോവുകയാണ്.

അയോവയിലെ നാല് റിപ്പബ്ലിക്കൻ ഹൗസ് അംഗങ്ങളിൽ മൂന്ന് പേർക്കും (ആഷ്‌ലി ഹിൻസൺ, മരിയാനെറ്റ് മില്ലർ-മീക്സ്, സക്ക് നൺ) പ്രസിഡൻ്റ പിന്തുണ പ്രഖ്യാപിച്ചു. നാലാമത്തെ അംഗമായ റാൻഡി ഫീൻസ്ട്ര ദിവസം മുഴുവൻ ട്രംപിനൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ഗവർണ്ണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാൽ വീണ്ടും സഭയിലേക്ക് മത്സരിക്കുന്നില്ല. നിലവിൽ അയോവയിൽ നിന്നുള്ള ആറ് കോൺഗ്രസ് അംഗങ്ങളും റിപ്പബ്ലിക്കൻമാരാണ്. ജനുവരി പകുതിയോടെ പുറത്തുവന്ന സിബിഎസ് ന്യൂസ് പോൾ പ്രകാരം, റിപ്പബ്ലിക്കൻ പാർട്ടിക്കാർക്കിടയിൽ ട്രംപിന് 90% പിന്തുണയുണ്ട്. എന്നാൽ സ്വതന്ത്ര വോട്ടർമാരിൽ 69% പേരും അദ്ദേഹത്തെ എതിർക്കുന്നു. താൻ തന്നെ ബാലറ്റിൽ ഉള്ളതുപോലെ ശക്തമായി പ്രചാരണം നടത്താനാണ് പ്രസിഡൻ്റിൻ്റെ നീക്കം.

പ്രസംഗത്തിനിടെ പ്രതിഷേധിച്ച പലരെയും പുറത്താക്കി. നിയമപാലകരുടെ വേഗത്തിലുള്ള നടപടിയെ അദ്ദേഹം പ്രശംസിച്ചു. താരിഫുകൾ, കൃഷി, കർഷകർക്കുള്ള സാമ്പത്തിക സഹായം എന്നിവയിലായിരുന്നു പ്രസംഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രസംഗത്തിന് മുമ്പ് അദ്ദേഹം ഒരു പ്രാദേശിക റെസ്റ്റോറന്റ് സന്ദർശിക്കുകയും വോട്ടർമാരെയും മാധ്യമപ്രവർത്തകരെയും കാണുകയും ചെയ്തു. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി താൻ ധാരാളം യാത്രകൾ ചെയ്യുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Trump in Iowa to kick off midterm election campaign

More Stories from this section

family-dental
witywide