ഗാസ ‘സമാധാന സമിതി’യിലേക്ക് ഇന്ത്യയെ ക്ഷണിച്ച് ട്രംപ്; പാകിസ്ഥാനും ക്ഷണം

ന്യൂഡഹി : ഗാസയിലെ യുദ്ധാനന്തര ഭരണത്തിനും പുനർനിർമ്മാണത്തിനുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ (Board of Peace) എന്ന അന്താരാഷ്ട്ര സമാധാന സമിതിയിലേക്ക് ഇന്ത്യയെയും പാകിസ്ഥാനെയും ക്ഷണിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമിതിയിൽ അംഗമാകാൻ ക്ഷണിച്ചുകൊണ്ട് ട്രംപ് കത്തയച്ചതായി ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ സ്ഥിരീകരിച്ചു. ഗാസയിൽ ശാശ്വത സമാധാനവും സുസ്ഥിരമായ ഭരണവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല, ഇസ്രായേലുമായും പലസ്തീനുമായും ഒരേപോലെ സുഹൃദ്ബന്ധം പുലർത്തുന്ന രാജ്യം എന്ന നിലയിലാണ് ഇന്ത്യയുടെ സാന്നിധ്യത്തെ ട്രംപ് ഭരണകൂടം പ്രാധാന്യത്തോടെ കാണുന്നത്. എന്നാൽ, ക്ഷണം സ്വീകരിക്കുന്ന കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, പാകിസ്ഥാനും സമിതിയിലേക്ക് ക്ഷണം ലഭിച്ചതായി പാക് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയിലെ സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നും പാകിസ്ഥാൻ വ്യക്തമാക്കി. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ഫ്രാൻസ്, ജർമ്മനി, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കൾ എന്നിവരെയും ബോർഡിൽ ചേരാൻ ക്ഷണിച്ചതായി റിപ്പോർട്ടുണ്ട്.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ സമിതി രൂപീകരിച്ചിരിക്കുന്നത്. ഗാസയുടെ പുനർനിർമ്മാണം, സുരക്ഷ, സാമ്പത്തിക നിക്ഷേപം എന്നിവ ഈ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും. ട്രംപ് തന്നെയായിരിക്കും ഈ സമിതിയുടെ അധ്യക്ഷൻ. സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്നർ, ടോണി ബ്ലെയർ, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ തുടങ്ങിയ പ്രമുഖർ സമിതിയിൽ അംഗങ്ങളായിരിക്കും.

Trump invites India to Gaza ‘Board of Peace’; Pakistan also invited

Also Read

More Stories from this section

family-dental
witywide