പലിശനിരക്ക് കുറച്ചില്ലെങ്കിൽ പുതിയ ഫെഡ് ചെയർമാനെതിരെ കേസ് കൊടുക്കും, സ്ഥിരം ശൈലയിൽ പരിഹാസം നിറച്ച് ട്രംപിന്റെ പ്രസംഗം

വാഷിംഗ്ടൺ: വാഷിംഗ്ടണിലെ രാഷ്ട്രീയ-ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്ത ‘അൽഫാൽഫ ക്ലബ്’ വാർഷിക വിരുന്നിൽ തന്റെ സ്ഥിരം ശൈലിയിൽ തമാശകളും പരിഹാസങ്ങളുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ പുതുതായി നാമനിർദ്ദേശം ചെയ്ത ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിനെ ലക്ഷ്യമിട്ടായിരുന്നു ട്രംപിന്റെ പ്രധാന തമാശകൾ. പലിശനിരക്ക് കുറച്ചില്ലെങ്കിൽ പുതിയ ഫെഡ് ചെയർമാൻ കെവിൻ വാർഷിനെതിരെ താൻ കേസുകൊടുക്കുമെന്ന് ട്രംപ് തമാശരൂപേണ പറഞ്ഞു.

പിന്നീട് എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇതൊരു ‘റോസ്റ്റ്’ മാത്രമായിരുന്നുവെന്നും എന്നാൽ വാർഷ് പലിശ കുറയ്ക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ സെനറ്റർ മിറ്റ് റോംനിയെ ട്രംപ് എഴുന്നേറ്റ് നിൽക്കാൻ ക്ഷണിക്കുകയും അദ്ദേഹത്തെ പരിഹസിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സദസ്സ് റോംനിയെ വലിയ കൈയടിയോടെ സ്വീകരിച്ചപ്പോൾ, “ഇത്രയധികം ആളുകൾ ഇഷ്ടപ്പെടുന്ന ഒരാളെ പരിഹസിക്കാൻ എനിക്ക് കഴിയില്ല” എന്ന് പറഞ്ഞ് ട്രംപ് ഒഴിഞ്ഞുമാറി.

ഒരു മണിക്കൂറിലധികം നീണ്ട പ്രസംഗത്തിനിടെ ട്രംപ് നടത്തിയ പല പരിഹാസങ്ങളും അല്പം കടുത്തതായിരുന്നുവെന്നും സദസ്സിലെ എല്ലാവരും അത് ആസ്വദിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. വാഷിംഗ്ടണിലെ ഏറ്റവും പ്രശസ്തവും പഴയതുമായ ഒരു സോഷ്യൽ ക്ലബ്ബാണ് അൽഫാൽഫ ക്ലബ്. എല്ലാ വർഷവും ജനുവരിയിലെ അവസാന ശനിയാഴ്ച നടക്കാറുള്ള ഈ വിരുന്നിൽ പ്രസിഡന്റുമാരും സുപ്രീം കോടതി ജഡ്ജിമാരും വലിയ ബിസിനസ്സ് ഗ്രൂപ്പുകളുടെ തലവന്മാരും പങ്കെടുക്കാറുണ്ട്. പ്രസംഗങ്ങളിൽ പരസ്പരം കളിയാക്കുന്നതും തമാശകൾ പറയുന്നതും ഇവിടുത്തെ പാരമ്പര്യമാണ്.

More Stories from this section

family-dental
witywide