ട്രംപിന് കലിപ്പ് തീരുന്നില്ല; പവലിനെ ‘ വിഡ്ഢി’ എന്ന് വിളിച്ച് യുഎസ് പ്രസിഡന്റ്, പലിശ നിരക്കിൽ പോര് മുറുകുന്നു!

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. പലിശ നിരക്കുകൾ കുറയ്ക്കാത്ത പവലിന്റെ നടപടിയെ അതിരൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. പവൽ ഒരു ‘വിഡ്ഢി’ ആണെന്നും അദ്ദേഹത്തിന്റെ നയങ്ങൾ അമേരിക്കയുടെ ദേശീയ സുരക്ഷയെപ്പോലും അപകടത്തിലാക്കുന്നുവെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ കുറിച്ചു.

നാണയപ്പെരുപ്പം ഇപ്പോൾ ഒരു ഭീഷണിയല്ലെന്ന് പവൽ തന്നെ സമ്മതിക്കുമ്പോഴും എന്തിനാണ് പലിശ നിരക്ക് ഇത്ര ഉയർത്തി വെച്ചിരിക്കുന്നതെന്ന് ട്രംപ് ചോദിച്ചു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് താൻ ഏർപ്പെടുത്തിയ അധിക നികുതി വഴി രാജ്യത്തേക്ക് പണം ഒഴുകുകയാണെന്നും, അതിനാൽ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് അമേരിക്കയിലായിരിക്കണം എന്നുമാണ് ട്രംപിന്റെ വാദം. “പവൽ നമ്മുടെ രാജ്യത്തെ ദ്രോഹിക്കുകയാണ്. നാണയപ്പെരുപ്പം ഒരു പ്രശ്നമല്ലെന്ന് ഈ വിഡ്ഢി സമ്മതിച്ചിട്ടും പലിശ നിരക്ക് താഴ്ത്താൻ ഇയാൾ തയ്യാറാകുന്നില്ല.” – ട്രംപ് പറഞ്ഞു.

എന്നാൽ ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ജെറോം പവൽ. 2025-ൽ മൂന്ന് തവണ പലിശ നിരക്ക് കുറച്ചിരുന്നെങ്കിലും, ഇപ്പോൾ നിരക്ക് വീണ്ടും കുറച്ചാൽ അത് സാധനങ്ങളുടെ വില വർദ്ധിക്കാൻ കാരണമാകുമെന്ന് പവൽ വ്യക്തമാക്കുന്നു. നിലവിൽ 2.7 ശതമാനമാണ് യുഎസിലെ നാണയപ്പെരുപ്പം. ട്രംപ് ഏർപ്പെടുത്തിയ പുതിയ താരിഫുകൾ വിപണിയെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിച്ച ശേഷമേ അടുത്ത നീക്കം ഉണ്ടാവുകയുള്ളൂ എന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. പവലിനെതിരെ രാഷ്ട്രീയമായ സമ്മർദ്ദം ചെലുത്തുന്നതിനൊപ്പം തന്നെ, ഫെഡറൽ റിസർവ് ആസ്ഥാനത്തെ നവീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ക്രിമിനൽ അന്വേഷണവും നടക്കുന്നുണ്ട്. അമേരിക്കൻ സാമ്പത്തിക രംഗത്തെ ഈ രണ്ട് കരുത്തർ തമ്മിലുള്ള പോര് ആഗോള വിപണിയെയും ഓഹരി വിപണിയെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

More Stories from this section

family-dental
witywide