
വാഷിംഗ്ടൺ ഡി.സി: അമേരിക്കയുടെ വിദേശനയങ്ങളിലും ഇറാൻ വിഷയത്തിലും മാർപാപ്പ നടത്തുന്ന ഇടപെടലുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ലിയോ പതിനാലാമൻ മാർപാപ്പ സഭയുടെ ആത്മീയ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഒരു രാഷ്ട്രീയക്കാരനെപ്പോലെ പെരുമാറരുത് എന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ ശനിയാഴ്ച നടന്ന വൈകുന്നേരത്തെ പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തത്.
ഇറാനെതിരായ സൈനിക നീക്കങ്ങളെ വിമർശിച്ച മാർപാപ്പയുടെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്. “ആണവായുധം നിർമ്മിക്കാൻ ഇറാനെ അനുവദിക്കുന്ന നിലപാടുള്ള ഒരാളെ മാർപാപ്പയായി അംഗീകരിക്കാൻ കഴിയില്ല” എന്ന് ട്രംപ് വ്യക്തമാക്കി. മാർപാപ്പയുടെ വിദേശനയം അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. മാർപാപ്പയുടെ തിരഞ്ഞെടുപ്പിൽ തനിക്ക് പങ്കുണ്ടെന്നും താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നെങ്കിൽ ലിയോ പതിനാലാമൻ വത്തിക്കാനിൽ എത്തുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമൺ സെൻസ് ഉപയോഗിക്കണമെന്നും ട്രംപ് ഉപദേശിച്ചു. മാത്രമല്ല, കോവിഡ് കാലത്ത് പള്ളികളിൽ ശുശ്രൂഷകൾ നടത്തിയതിന് പുരോഹിതരെയും മറ്റും അറസ്റ്റ് ചെയ്ത സംഭവങ്ങളുണ്ടായപ്പോൾ പ്രതികരിക്കാതിരുന്ന ആളാണ് മാർപാപ്പയെന്നും ട്രംപ് കുറ്റപ്പെടുത്തി.
വത്തിക്കാൻ ഉദ്യോഗസ്ഥരെ പെൻ്റഗണിലേക്ക് വിളിപ്പിച്ചു അമേരിക്കൻ സൈനിക കരുത്തിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായുള്ള റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സമാധാനത്തിനായുള്ള മാർപാപ്പയുടെ ആഹ്വാനം അമേരിക്കൻ സൈന്യത്തിൻ്റെ ആത്മവീര്യം കെടുത്തുന്നതാണെന്നാണ് വൈറ്റ് ഹൗസിൻ്റെ നിലപാട്.
മാർപാപ്പയെ “ലിബറൽ” എന്നും “ദുർബലൻ” എന്നും വിശേഷിപ്പിച്ച ട്രംപ്, സഭയെ അദ്ദേഹം തെറ്റായ ദിശയിലേക്കാണ് നയിക്കുന്നതെന്നും കുറ്റപ്പെടുത്തി. ആദ്യ അമേരിക്കൻ വംശജനായ മാർപാപ്പയും അമേരിക്കൻ പ്രസിഡന്റും തമ്മിലുള്ള ഈ തുറന്ന പോരാട്ടം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Trump lashes out at Vatican: “The Pope should just take care of the Church, not politics”















