പ്രതിസന്ധിയിൽ ട്രംപ് മീഡിയ: ട്രൂത്ത് സോഷ്യൽ മാതൃകമ്പനിക്ക് വൻ തിരിച്ചടി; ക്രിപ്റ്റോ നിക്ഷേപങ്ങൾ തകർന്നതോടെ 2000 കോടിയുടെ നഷ്ടം

വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൻ്റെ മാതൃകമ്പനിയായ ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിന് രണ്ടാം പാദത്തിൽ വൻ സാമ്പത്തിക തകർച്ച. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്തിരട്ടിയിലധികം നഷ്ടത്തോടെ 238 മില്യൺ യുഎസ് ഡോളറിൻ്റെ (ഏകദേശം 2000 കോടിയോളം രൂപ) അറ്റനഷ്ടമാണ് കമ്പനി ഈ വർഷം ജൂണിലവസാനിച്ച പാദത്തിൽ രേഖപ്പെടുത്തിയത്. ബിറ്റ്‌കോയിൻ, ക്രോണോസ് തുടങ്ങിയ ക്രിപ്‌റ്റോ കറൻസി നിക്ഷേപങ്ങളുടെ മൂല്യത്തിലുണ്ടായ വൻ ഇടിവാണ് കമ്പനിക്ക് തിരിച്ചടിയായത്.

വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 89 ശതമാനം വർദ്ധിച്ച് 1.7 മില്യൺ ഡോളറിലെത്തിയെങ്കിലും കടബാധ്യതകളും ക്രിപ്‌റ്റോ തകർച്ചയും കമ്പനിയെ പ്രതിസന്ധിയിലാക്കി. ഇതോടെ കമ്പനിയുടെ പ്രതിഓഹരി നഷ്ടം 8 സെന്റിൽ നിന്നും 86 സെന്റായി ഉയർന്നു. നിലവിൽ കമ്പനിയുടെ പക്കൽ 400 മില്യൺ ഡോളറിന്റെ പണലഭ്യതയും 1.2 ബില്യൺ ഡോളറിൻ്റെ ബിറ്റ്‌കോയിൻ നിക്ഷേപവുമുണ്ട്.

കഴിഞ്ഞ ഒരു വർഷമായി ക്രിപ്‌റ്റോ, ഓൺലൈൻ ചൂതാട്ടം തുടങ്ങിയ മറ്റ് മേഖലകളിലേക്ക് ബിസിനസ്സ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ട്രംപ് മീഡിയ താൽക്കാലികമായി ഉപേക്ഷിക്കുകയാണെന്ന് പുതിയ ചീഫ് എക്സിക്യൂട്ടീവ് കെവിൻ മക്ഗേൺ അറിയിച്ചു. കമ്പനി ഇനിമുതൽ സോഷ്യൽ മീഡിയാ രംഗത്ത് മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ് മീഡിയയുടെ ഓഹരി മൂല്യത്തിൽ വിപണിയിൽ 8 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.

കമ്പനിയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ ‘ട്രൂത്ത് എപിഐ’ എന്ന പുതിയ പെയ്ഡ് സർവീസിന് കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. ട്രൂത്ത് സോഷ്യലിൽ വിപണിയെ സ്വാധീനിക്കാൻ കെൽപ്പുള്ള പ്രമുഖരുടെ (പ്രത്യേകിച്ച് ട്രംപിൻ്റെ) പോസ്റ്റുകൾ വിപണിയിലെ വൻകിട ട്രേഡിംഗ് സ്ഥാപനങ്ങൾക്ക് മറ്റുള്ളവർക്ക് മുൻപേ അതിവേഗത്തിൽ ലഭ്യമാക്കുന്ന സേവനമാണിത്. പ്രതിമാസം 60,000 മുതൽ 1,00,000 ഡോളർ വരെയാണ് ഇതിനായി ഈടാക്കുന്നത്. നിലവിൽ പത്ത് പ്രമുഖ സ്ഥാപനങ്ങൾ ഈ സേവനം വാങ്ങിക്കഴിഞ്ഞു.

അതേസമയം, യുഎസ് പ്രസിഡൻ്റ് പദവി ഉപയോഗിച്ച് ട്രംപ് ബിസിനസ്സ് ലാഭമുണ്ടാക്കുന്നു എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന മിഡ്-ടേം തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ ഈ പെയ്ഡ് സർവീസിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഡെമോക്രാറ്റുകൾ വ്യക്തമാക്കി. എന്നാൽ ഇത് സാങ്കേതിക-സാമ്പത്തിക മേഖലകളിൽ സാധാരണയായി ഉള്ള ബിസിനസ്സ് രീതി മാത്രമാണെന്ന് സിഇഒ കെവിൻ മക്ഗേൺ പ്രതികരിച്ചു.

കമ്പനിയുടെ കീഴിലുള്ള ന്യൂക്ലിയർ ഫ്യൂഷൻ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുമെന്നും ഈ വർഷാവസാനത്തോടെ പ്രമുഖ ഊർജ്ജ കമ്പനിയായ ‘TAE ടെക്നോളജീസുമായി’ ലയനം പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Trump Media in crisis: Truth Social’s parent company suffers a major setback; Loss of Rs 2000 crore as crypto investments collapse

More Stories from this section

family-dental
witywide