ഒടുവിൽ ട്രംപിന്‍റെ ആഗ്രഹം സഫലമാകുന്നു! ഫെഡറൽ റിസർവ് തലപ്പത്ത് മാറ്റം; കെവിൻ വാർഷിനെ പുതിയ ചെയർമാനായി നാമനിർദ്ദേശം ചെയ്ത് പ്രസിഡന്‍റ്

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ സെൻട്രൽ ബാങ്കായ യുഎസ് ഫെഡറൽ റിസർവിന്‍റെ അടുത്ത ചെയർമാനായി കെവിൻ വാർഷിനെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുത്തു. നിലവിലെ ചെയർമാൻ ജെറോം പവലിന്‍റെ കാലാവധി മെയ് മാസത്തിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. 2006-ൽ തന്‍റെ 35-ാം വയസ്സിൽ ഫെഡ് ബോർഡിൽ അംഗമായ കെവിൻ വാർഷാണ് ഫെഡറൽ റിസർവിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ. നിലവിൽ 55 വയസ്സുള്ള അദ്ദേഹം 17-ാമത് ഫെഡ് ചെയർമാനായാണ് ചുമതലയേൽക്കുക.

മുൻപ് ഉയർന്ന പലിശനിരക്കിനെ പിന്തുണച്ചിരുന്ന വാർഷിന്‍റെ നിലപാടുകളിൽ അടുത്തിടെ വലിയ മാറ്റം വന്നിട്ടുണ്ട്. നിലവിൽ കുറഞ്ഞ പലിശനിരക്കിനെ പിന്തുണയ്ക്കുന്ന അദ്ദേഹം, ഫെഡറൽ റിസർവിന്റെ പ്രവർത്തന ശൈലിയിൽ അടിമുടി മാറ്റങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു. കെവിൻ വാർഷിനെ “സെൻട്രൽ കാസ്റ്റിംഗ്” (ഏറ്റവും അനുയോജ്യനായ വ്യക്തി) എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹം ഫെഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചെയർമാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അമേരിക്കയിലെ പണപ്പെരുപ്പവും പലിശനിരക്കും ആഗോള വിപണിയെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ട്രംപിന്റെ സാമ്പത്തിക നയങ്ങളോട് ചേർന്നുനിൽക്കുന്ന വാർഷിന്റെ വരവ് വരും മാസങ്ങളിൽ യുഎസ് ഡോളറിന്റെ മൂല്യത്തിലും ഓഹരി വിപണിയിലും വലിയ സ്വാധീനം ചെലുത്തുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ജെറോം പവലുമായുള്ള ട്രംപിന്റെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായ രഹസ്യമായിരുന്നു എന്നതും ഈ നിയമനത്തിന് രാഷ്ട്രീയ പ്രാധാന്യം നൽകുന്നു.