
വാഷിംഗ്ടൺ: വെനിസ്വേലയിൽ പിടിക്കപ്പെട്ട നിക്കോളാസ് മഡൂറോയ്ക്ക് ശേഷമുള്ള ഭരണം സുസ്ഥിരമാക്കാൻ അമേരിക്കൻ സൈന്യത്തിന് പകരം സ്വകാര്യ സൈനിക കരാറുകാരെ വിന്യസിക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വെനിസ്വേലയിലെ തകർച്ചയിലായ എണ്ണ-ഊർജ്ജ മേഖലകളെ സംരക്ഷിക്കാനാണ് ഈ നീക്കം.
അമേരിക്കൻ സൈന്യത്തെ ദീർഘകാലത്തേക്ക് വെനിസ്വേലയിൽ നിലനിർത്തുന്നതിനോട് ട്രംപിന് താല്പര്യമില്ലെന്നാണ് സൂചന. എന്നാൽ പ്രമുഖ എണ്ണക്കമ്പനികളെ വെനിസ്വേലയിൽ വീണ്ടും നിക്ഷേപം നടത്താൻ പ്രേരിപ്പിക്കണമെങ്കിൽ അവർക്ക് വർഷങ്ങളോളം നീണ്ടുനിൽക്കുന്ന സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.
ഇതിനാണ് മുൻപ് ഇറാഖ് യുദ്ധകാലത്ത് ചെയ്തതുപോലെ സ്വകാര്യ സുരക്ഷാ കമ്പനികളെ ഏൽപ്പിക്കാൻ ആലോചിക്കുന്നത്. മഡൂറോയുടെ പതനത്തിന് ശേഷം വെനിസ്വേലയിൽ രൂപപ്പെട്ട അധികാര ശൂന്യത മുതലെടുത്ത് ക്രിമിനൽ സംഘങ്ങളും മറ്റ് ശത്രുരാജ്യങ്ങളും എണ്ണപ്പാടങ്ങൾ കൈക്കലാക്കാതിരിക്കാനാണ് ഈ കനത്ത സുരക്ഷ.
ഇറാഖ് യുദ്ധസമയത്ത് ഏകദേശം 138 ബില്യൺ ഡോളറാണ് സ്വകാര്യ സുരക്ഷാ കമ്പനികൾക്കായി അമേരിക്ക ചെലവാക്കിയത്. സമാനമായ ഒരു വലിയ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് നിരവധി സ്വകാര്യ സൈനിക കമ്പനികൾ ഇപ്പോൾത്തന്നെ രംഗത്തെത്തിക്കഴിഞ്ഞു.
അമേരിക്കൻ സൈനികരുടെ ജീവൻ അപകടത്തിലാക്കാതെ തന്നെ വെനിസ്വേലയിലെ എണ്ണ വിപണി നിയന്ത്രിക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. തകർന്നടിഞ്ഞ വെനിസ്വേലൻ എണ്ണ ഉൽപാദനം പുനരാരംഭിക്കുക വഴി ആഗോള വിപണിയിൽ എണ്ണവില നിയന്ത്രിക്കാനും അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കാനും സാധിക്കുമെന്ന് ട്രംപ് കരുതുന്നു.
ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെങ്കിലും, ഈ നീക്കം വെനിസ്വേലയിൽ മറ്റൊരു ‘സ്വകാര്യ യുദ്ധത്തിന്’ വഴിതുറക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.















