
വാഷിംഗ്ടൺ: അന്യഗ്രഹജീവികളെയും തിരിച്ചറിയപ്പെടാത്ത പറക്കുന്ന വസ്തുക്കളെയും സംബന്ധിച്ചുള്ള സർക്കാരിന്‍റെ പക്കലുള്ള അതീവ രഹസ്യരേഖകൾ പരസ്യപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. പെന്റഗണും മറ്റ് ഫെഡറൽ ഏജൻസികളും കൈവശം വെച്ചിരിക്കുന്ന നിർണ്ണായക വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് ട്രംപിന്റെ നീക്കം. മുൻ പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം അന്യഗ്രഹജീവികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തരത്തിൽ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
പോഡ്‌കാസ്റ്റ് അവതാരകനായ ബ്രയാൻ ടൈലർ കോഹന് നൽകിയ അഭിമുഖത്തിലാണ് അന്യഗ്രഹജീവികളുടെ നിലനിൽപ്പിനെക്കുറിച്ച് ഒബാമ സൂചനകൾ നൽകിയത്. എന്നാൽ ഒബാമയുടെ ഈ നടപടിയെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെ, ഒബാമ പുറത്തുവിട്ടത് അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങളാണെന്ന് ട്രംപ് ആരോപിച്ചു.
അന്യഗ്രഹജീവികൾ യഥാർത്ഥമാണോ അല്ലയോ എന്ന് തനിക്കറിയില്ലെന്നും എന്നാൽ വെളിപ്പെടുത്താൻ പാടില്ലാത്ത ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചതിലൂടെ ഒബാമ വലിയ തെറ്റാണ് വരുത്തിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന രേഖകൾ ശാസ്ത്രലോകത്തും പ്രതിരോധ മേഖലയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.














