ഹരിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന സുപ്രധാന വിധി റദ്ദാക്കി ട്രംപ്, കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന് തിരിച്ചടിയെന്ന് വിദഗ്ധർ, വിമർശനവുമായി ഒബാമയും

വഷിംഗ്ടൺ: ഹരിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന സുപ്രധാന വിധി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ഭൂമിയെ ചൂടുപിടിപ്പിക്കുന്ന വാതകങ്ങളെ നിയന്ത്രിക്കുന്നതിനുള്ള എല്ലാ ഫെഡറൽ നടപടികൾക്കും ആധാരമായ ഒബാമ കാലത്തെ ശാസ്ത്രീയ വിധിയാണ് ട്രംപ് റദ്ദാക്കിയത്.

വിവിധ തരം ഹരിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്നവയാണെന്ന് 2009-ലെ ‘എൻഡേഞ്ചർമെൻ്റ് ഫൈൻഡിംഗ്’ നിരീക്ഷിച്ചിരുന്നു. ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള ഫെഡറൽ ശ്രമങ്ങളുടെ, പ്രത്യേകിച്ച് വാഹനങ്ങളുടെ കാര്യത്തിൽ, നിയമപരമായ അടിത്തറയായി ഇത് വിലയിരുത്തപ്പെട്ടിരുന്നു.

ട്രംപിൻ്റെ പുതിയ തീരുമാനത്തെ “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നിയന്ത്രണ ഇളവ്” എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. ഇത് കാറുകളുടെ വില കുറയ്ക്കുമെന്നും വാഹന നിർമ്മാതാക്കൾക്ക് ഓരോ വാഹനത്തിനും 2,400 ഡോളർ വരെ ലാഭമുണ്ടാക്കുമെന്നും അവർ അവകാശപ്പെടുന്നു. 2009-ലെ വിധി അമേരിക്കൻ വാഹന വ്യവസായത്തെ തകർത്തുവെന്നും ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയ ഒബാമ കാലഘട്ടത്തിലെ വിനാശകരമായ നയമായിരുന്നുവെന്നും വ്യാഴാഴ്ച ഓവൽ ഓഫീസിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു.

“ഈ നിയമം ‘ഗ്രീൻ ന്യൂ സ്കാം’ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന് നിയമപരമായ അടിത്തറയായി മാറി,” ഡെമോക്രാറ്റുകളുടെ കാലാവസ്ഥാ അജണ്ടയെക്കുറിച്ച് ട്രംപ് കൂട്ടിച്ചേർത്തു.

മുൻ പ്രസിഡൻ്റ് ബരാക് ഒബാമ ഈ തീരുമാനത്തെ വിമർശിച്ചു. ഈ വിധി റദ്ദാക്കുന്നത് അമേരിക്കക്കാരെ കൂടുതൽ ദുർബലരാക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇതുകൂടാതെ നമ്മൾ സുരക്ഷിതരല്ല, ആരോഗ്യമുള്ളവരല്ല, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള ശേഷിയും നമുക്കില്ല. ഇതെല്ലാം ഫോസിൽ ഇന്ധന വ്യവസായത്തിന് കൂടുതൽ പണമുണ്ടാക്കാൻ വേണ്ടിയാണ്,” അദ്ദേഹം എക്സിൽ കുറിച്ചു.

അതേസമയം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ തിരിച്ചടിയാണിതെന്നാണ് പരിസ്ഥിതി സംഘടനകളുടെ പ്രതികരണം. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം.

കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ തുടങ്ങി ആറ് പ്രധാന വാതകങ്ങൾ മനുഷ്യൻ്റെ ആരോഗ്യത്തിന് ഹാനികരമാണെന്നായിരുന്നു പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA) 2009-ൽ കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നിയമനിർമ്മാണത്തിൽ കോൺഗ്രസിൽ സമവായമില്ലാത്തതിനാൽ, ഉദ്‌വമനം നിയന്ത്രിക്കുന്നതിനുള്ള പ്രധാന ഉപാധിയായി ഈ കണ്ടെത്തൽ മാറി. വാഹനങ്ങൾക്ക് പുറമെ വൈദ്യുതി നിലയങ്ങൾ, എണ്ണ-വാതക മേഖല, വിമാനങ്ങൾ എന്നിവയിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനും ഇത് അടിസ്ഥാനമായിരുന്നു.
ഈ നിയന്ത്രണം നീക്കം ചെയ്യുന്നത് 1 ലക്ഷം കോടി ഡോളറിലധികം ലാഭിക്കുമെന്നും ഊർജ്ജ-ഗതാഗത ചിലവ് കുറയ്ക്കുമെന്നുമാണ് ട്രംപ് ഭരണകൂടം വാദിക്കുന്നത്.

എന്നാൽ പരിസ്ഥിതി പ്രവർത്തകർ ഇത് അംഗീകരിക്കുന്നില്ല. ഇന്ധനക്ഷമത കുറഞ്ഞ വാഹനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ അമേരിക്കക്കാർക്ക് ഏകദേശം 1.4 ലക്ഷം കോടി ഡോളറിൻ്റെ അധിക ഇന്ധന ചിലവുണ്ടാകുമെന്ന് എൻവയോൺമെന്റൽ ഡിഫൻസ് ഫണ്ടിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ, ഇത് 58,000 അകാല മരണങ്ങൾക്കും കോടിക്കണക്കിന് ആസ്ത്മ കേസുകൾക്കും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല, ഈ തീരുമാനം അമേരിക്കൻ വാഹന നിർമ്മാതാക്കളെയും പ്രതിസന്ധിയിലാക്കിയേക്കാം. ഇന്ധനക്ഷമത കുറഞ്ഞ അമേരിക്കൻ വാഹനങ്ങൾ വിദേശ വിപണികളിൽ വിറ്റഴിക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.

Trump overturns landmark ruling that greenhouse gases pose a threat to public health

More Stories from this section

family-dental
witywide