എല്ലാം നേരിട്ട്, നികുതിപ്പണം ഉപയോഗിച്ച് ട്രംപിന്‍റെ വമ്പൻ പരസ്യങ്ങൾ; അമേരിക്കയിൽ വിവാദം കത്തുന്നു, സ്വന്തം പാർട്ടിക്കുള്ളിലും പ്രതിഷേധം

വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, സർക്കാരിന്റെ നികുതിപ്പണം ഉപയോഗിച്ച് സ്വന്തം ഭരണനേട്ടങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്ന വീഡിയോ പരസ്യങ്ങൾ നിർമ്മിക്കുന്നതിൽ നേരിട്ട് പങ്കാളിയായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പരസ്യങ്ങളിൽ ഉൾപ്പെടുത്തേണ്ട ദൃശ്യങ്ങളും വീഡിയോകളും തിരഞ്ഞെടുക്കുന്നതിൽ ട്രംപ് നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ടീമിന്റെ ഭാഗമായ വീഡിയോ വിഭാഗമാണ് ഈ പരസ്യങ്ങൾ തയാറാക്കുന്നത്. എൻഎഫ്എൽ ഫുട്ബോൾ മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിനിടെ ഉൾപ്പെടെ ടെലിവിഷൻ ചാനലുകളിൽ പ്രചരിക്കുന്ന ഈ പരസ്യങ്ങൾക്കെതിരെ ഡെമോക്രാറ്റുകൾക്ക് പുറമേ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്. ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് സെനറ്റ് മജോറിറ്റി ലീഡർ ജോൺ തുൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പരസ്യമായി കുറ്റപ്പെടുത്തി.

എന്നാൽ ഈ ആരോപണങ്ങളെ വൈറ്റ് ഹൗസ് പൂർണ്ണമായും നിഷേധിച്ചു. മുൻ ഭരണകൂടങ്ങൾ ആരോഗ്യ മേഖലയിലും മറ്റും നൽകിയ പൊതുജനസേവന സന്ദേശങ്ങൾക്ക് സമാനമാണ് ഇതെന്നാണ് അധികൃതരുടെ വാദം. രാജ്യസ്നേഹം വളർത്താനും രാജ്യത്തിന്റെ പുരോഗതി ജനങ്ങളെ ഓർമ്മിപ്പിക്കാനുമാണ് പരസ്യങ്ങൾ ലക്ഷ്യമിടുന്നതെന്നും, ട്രംപ് തെരഞ്ഞെടുപ്പ് മത്സരരംഗത്തില്ലാത്തതിനാൽ ഇവയെ പ്രചാരണ പരസ്യങ്ങളായി കാണാനാകില്ലെന്നും വൈറ്റ് ഹൗസ് വക്താവ് അവകാശപ്പെട്ടു. എന്നാൽ 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് ഉപയോഗിച്ച അതേ വാചകങ്ങളും ദൃശ്യങ്ങളുമാണ് പുതിയ പരസ്യങ്ങളിലുള്ളതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

More Stories from this section

family-dental
witywide