
വാഷിംഗ്ടൺ: വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയിൽ നിന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നോബൽ സമ്മാന മെഡൽ സ്വീകരിച്ചതിൻ്റെ ചിത്രങ്ങൾ പുറത്ത്. “പരസ്പര ബഹുമാനത്തിൻ്റെ മനോഹരമായ പ്രകടനം” എന്നാണ് ട്രംപ് ഈ നിമിഷത്തെ വിശേഷിപ്പിച്ചത്. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ തൻ്റെ മെഡൽ ട്രംപിന് കൈമാറിയത്.
താൻ ചെയ്ത ജോലികൾക്കുള്ള അംഗീകാരമായാണ് മച്ചാഡോ തൻ്റെ നോബൽ സമ്മാനം സമർപ്പിച്ചത് എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു. മച്ചാഡോ ഒരു “അതിശയിപ്പിക്കുന്ന സ്ത്രീ” ആണെന്നും അവർ ഒരുപാട് പ്രതിസന്ധികൾ അനുഭവിച്ചിട്ടുണ്ടെന്നും അവരെ കാണാൻ കഴിഞ്ഞതിൽ വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം കുറിച്ചു.
അതേസമയം, നോബൽ സമ്മാനം മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ലെന്ന് നോബൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, മച്ചാഡോ നൽകിയ മെഡൽ താൻ കൈവശം വെക്കുമെന്ന് ട്രംപ് അറിയിച്ചു. മച്ചാഡോ നോബൽ നേടുന്നതിന് മുൻപ്, നോബൽ കമ്മിറ്റി തനിക്ക് പുരസ്കാരം നൽകാത്തതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ മെഡൽ സ്വീകരിച്ച ശേഷം ഇത് രാജ്യത്തിന് ലഭിച്ച ബഹുമതിയായാണ് ട്രംപ് പ്രതികരിക്കുന്നത്. വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ട്രംപ് നൽകിയ പിന്തുണയ്ക്കുള്ള നന്ദിസൂചകമായാണ് തൻ്റെ പുരസ്കാരം അദ്ദേഹത്തിന് നൽകുന്നതെന്ന് മച്ചാഡോയും വ്യക്തമാക്കിയിരുന്നു.
Trump praises Machado for presenting him with Nobel Prize medal













