ഇറാനെ ഒരു ദിവസം കൊണ്ട് തകർക്കാൻ തനിക്ക് സാധിക്കും, ഭീഷണിയുടെ ആക്കം കൂട്ടി ട്രംപ്; ‘അമേരിക്കയുടെ എല്ലാ നിബന്ധനകളും അംഗീകരിക്കേണ്ടി വരും’

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പാകിസ്ഥാനിൽ പരാജയപ്പെട്ടതിന് പിന്നാലെ, ശക്തമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെ ഒരു ദിവസം കൊണ്ട് തകർക്കാൻ തനിക്ക് സാധിക്കുമെന്നും, ഇറാൻ വൈകാതെ തന്നെ ചർച്ചാമേശയിലേക്ക് തിരിച്ചുവരുമെന്നും ട്രംപ് ആത്മവിശ്വാസത്തോടെ പ്രകടിപ്പിച്ചു. ഒരു പ്രമുഖ അന്താരാഷ്ട്ര വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ എല്ലാ നിബന്ധനകളും ഇറാൻ അംഗീകരിക്കേണ്ടി വരുമെന്നും, അവരുടെ പക്കൽ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ ഊർജ്ജ നിലയങ്ങളും വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളെക്കുറിച്ചാണ് ട്രംപ് പ്രധാനമായും സൂചിപ്പിച്ചത്. ഒരു മണിക്കൂർ കൊണ്ട് ഇറാന്റെ ഊർജ്ജ മേഖല പൂർണമായി തകർക്കാൻ തനിക്ക് സാധിക്കുമെന്നും, എന്നാൽ ഒരിക്കൽ തകർന്നാൽ അത് പുനർനിർമിക്കാൻ അവർക്ക് പത്ത് വർഷത്തിലധികം സമയം വേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനൊപ്പം രാജ്യത്തെ തന്ത്രപ്രധാനമായ പാലങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ലോകം ഒരിക്കലും തിരിച്ചുകാണാത്ത വിധം ഒരു നാഗരികത തന്നെ ഇല്ലാതാക്കുമെന്ന തന്റെ മുൻപത്തെ പ്രസ്താവനയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള ഈ ശക്തമായ മുന്നറിയിപ്പുകളാണ് ഇറാനെ ചർച്ചകൾക്ക് പ്രേരിപ്പിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്കും ഭീഷണികൾക്ക് മറുപടിയായാണ് താൻ ഇങ്ങനെ പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഈ പുതിയ പ്രസ്താവനകൾ പശ്ചിമേഷ്യയിൽ വലിയ ആശങ്കകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വരുന്ന ദിവസങ്ങളിൽ അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.

More Stories from this section

family-dental
witywide