
വാഷിംഗ്ടൺ: തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച വംശീയ അധിക്ഷേപ വീഡിയോയുടെ പേരിൽ മാപ്പുപറയാൻ തയ്യാറാകാത്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പാർട്ടിയിലെ വിമർശകർക്കെതിരെ നിലപാട് കടുപ്പിക്കുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും കുടുംബത്തെയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോയെ അപലപിച്ച സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ ട്രംപ് ആഭ്യന്തര കലഹം ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തന്റെ വിശ്വസ്തരായ നിയമനിർമ്മാതാക്കളുടെ കൂറിനെ ചോദ്യം ചെയ്ത ട്രംപ്, അവർ ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സെനറ്റിലെ ഏക കറുത്തവർഗ്ഗക്കാരനായ റിപ്പബ്ലിക്കൻ പ്രതിനിധി ടിം സ്കോട്ടിനെതിരെയാണ് ട്രംപിന്റെ പ്രധാന പ്രകോപനം. വൈറ്റ് ഹൗസിന്റെ നടപടി വംശീയമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച സ്കോട്ടിന്റെ നടപടി അതിരുകടന്നതാണെന്നും ഇത്തരം കാര്യങ്ങൾ സ്വകാര്യമായി സംസാരിക്കാമായിരുന്നുവെന്നുമാണ് ട്രംപിന്റെ നിലപാട്. ഇതിനുപുറമെ അലബാമ സെനറ്റർ കാറ്റി ബ്രിട്ടിനെതിരെയും അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങൾ ട്രംപ് നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അവർ തനിക്ക് മരിച്ചതിന് തുല്യമാണെന്ന് ട്രംപ് പ്രഖ്യാപിച്ചതായാണ് സൂചന.
എന്നാൽ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പ്രസിഡന്റുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും കാറ്റി ബ്രിട്ട് പ്രതികരിച്ചു. വൈറ്റ് ഹൗസും ഈ റിപ്പോർട്ടുകളെ തള്ളിക്കളയുമ്പോഴും 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉടലെടുത്ത ഈ അസ്വാരസ്യങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാവുകയാണ്. വിമർശനങ്ങളോടുള്ള പ്രസിഡന്റിന്റെ കടുത്ത നിലപാട് പാർട്ടിക്കുള്ളിൽ തന്നെ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.















