
വാഷിംഗ്ടൺ: അമേരിക്കൻ ജനതയെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനായി ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകളിൽ വൻ കുറവ് വരുത്താൻ ഒരുങ്ങി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പലിശ നിരക്ക് ഒരു വർഷത്തേക്ക് 10 ശതമാനമായി പരിമിതപ്പെടുത്തണമെന്നാണ് ട്രംപിന്‍റെ നിർദ്ദേശം. തന്‍റെ രണ്ടാമത്തെ ഭരണത്തിന്‍റെ ഒന്നാം വാർഷികമായ 2026 ജനുവരി 20 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ അറിയിച്ചു.
“20 മുതൽ 30 ശതമാനം വരെ പലിശ ഈടാക്കി ക്രെഡിറ്റ് കാർഡ് കമ്പനികൾ അമേരിക്കൻ ജനതയെ കൊള്ളയടിക്കുന്നത് ഇനി അനുവദിക്കില്ല,” എന്ന് ട്രംപ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ അദ്ദേഹം വീണ്ടും സജീവമാക്കിയിരിക്കുന്നത്. ഈ നീക്കത്തിന് ഇരുപാർട്ടികളിലെയും നേതാക്കളിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. റിപ്പബ്ലിക്കൻ സെനറ്റർ ജോഷ് ഹാവ്ലിയും സ്വതന്ത്ര സെനറ്റർ ബെർണി സാൻഡേഴ്സും ഇതിനകം തന്നെ പലിശ നിരക്ക് 10 ശതമാനമാക്കാനുള്ള ബിൽ സെനറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ബില്ലിനെ പൂർണ്ണമായി പിന്തുണയ്ക്കുമെന്ന് ട്രംപ് അറിയിച്ചു.
അമേരിക്കൻ ബാങ്കേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകൾ ഈ നീക്കത്തെ ശക്തമായി എതിർത്തു. പലിശ നിരക്ക് കുറയ്ക്കുന്നത് ദരിദ്രരായ ആളുകൾക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത് തടയാൻ ഇടയാക്കുമെന്നും, ബാങ്കുകൾ ലോണുകൾ നൽകുന്നത് നിർത്തലാക്കുമെന്നും അവർ വാദിക്കുന്നു. ഇത് ആളുകളെ ഉയർന്ന പലിശ ഈടാക്കുന്ന ബ്ലേഡ് കമ്പനികളിലേക്ക് നയിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഈ നിയന്ത്രണം നടപ്പിലായാൽ അമേരിക്കക്കാർക്ക് വർഷം തോറും പലിശ ഇനത്തിൽ മാത്രം 100 ബില്യൺ ഡോളറോളം ലാഭിക്കാനാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിന്റെ ഫലമായി ക്രെഡിറ്റ് കാർഡ് വഴിയുള്ള റിവാർഡുകളും മറ്റ് ആനുകൂല്യങ്ങളും കുറയാൻ സാധ്യതയുണ്ട്.














