
വാഷിംഗ്ടൺ: ദക്ഷിണ കൊറിയയിൽ നിന്നുള്ള ഇറക്കുമതികൾക്കുള്ള തീരുവ 25% ആക്കി ഉയർത്തുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയിൽ നിന്നുള്ള വാഹനങ്ങൾ, തടി, ഔഷധ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി തീരുവയാണ് 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് അറിയിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന 15 ശതമാനത്തിൽ നിന്നാണ് ഈ വർദ്ധനവ്.
യുഎസും ദക്ഷിണ കൊറിയയും തമ്മിൽ നേരത്തെ ഒപ്പുവെച്ച ചരിത്രപരമായ വ്യാപാര കരാർ ദക്ഷിണ കൊറിയൻ പാർലമെൻ്റ് ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് ട്രംപിൻ്റെ നടപടി. കരാർ പ്രകാരം യുഎസിൽ നടത്താമെന്നേറ്റ 350 ബില്യൺ ഡോളറിന്റെ നിക്ഷേപം ആ വർഷത്തിൻ്റെ ആദ്യ പകുതിയിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് ദക്ഷിണ കൊറിയൻ ധനമന്ത്രി സൂചിപ്പിച്ചിരുന്നു. ഇത് ട്രംപിനെ പ്രകോപിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല, ഗൂഗിൾ, മെറ്റാ തുടങ്ങിയ അമേരിക്കൻ കമ്പനികളെ ലക്ഷ്യം വെച്ച് ദക്ഷിണ കൊറിയ കൊണ്ടുവരുന്ന പുതിയ ഡിജിറ്റൽ നിയന്ത്രണങ്ങളിലും വൈറ്റ് ഹൗസ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ദക്ഷിണ കൊറിയയുടെ പ്രധാന കയറ്റുമതി മേഖലയായ ഓട്ടോമൊബൈൽ വ്യവസായത്തെ ഇത് കാര്യമായി ബാധിക്കും. പ്രഖ്യാപനത്തിന് പിന്നാലെ ഹ്യുണ്ടായ് മോട്ടോർസ് ഓഹരികളിൽ 4 ശതമാനത്തിലധികം ഇടിവുണ്ടായി.
അമേരിക്കൻ വിപണിയിൽ ദക്ഷിണ കൊറിയൻ ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കാൻ ഇത് കാരണമാകും. ദക്ഷിണ കൊറിയയുടെ വാണിജ്യ മന്ത്രാലയം ഈ വിഷയത്തിൽ ചർച്ചകൾക്കായി ഉടൻ തന്നെ യുഎസ് പ്രതിനിധികളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
Trump raises import tariffs on South Korea from 15% to 25%, South Korea says it will meet US representatives soon for talks















