
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യയുടെ വാദം തള്ളി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്നലെ എയർ ഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പുടിന്റെ വസതി ലക്ഷ്യമിട്ട് യുക്രെയ്ൻ ആക്രമണം നടത്തിയിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ട്രംപ് അറിയിച്ചിരുന്നു. “അത്തരമൊരു ആക്രമണം നടന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. വസതിയുടെ പരിസരപ്രദേശത്ത് എന്തോ സംഭവിച്ചിട്ടുണ്ടാകാം, എന്നാൽ പുടിന്റെ വസതി നേരിട്ട് ലക്ഷ്യമിട്ടിട്ടില്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
പുടിനുമായി ഫോണിൽ സംസാരിച്ചപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രംപ് ആദ്യം ആശങ്ക പ്രകടിപ്പിക്കുകയും യുക്രെയ്നെതിരെ രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് രഹസ്യാന്വേഷണ ഏജൻസികളുടെ പരിശോധനയിൽ റഷ്യയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞതോടെ ട്രംപ് നിലപാട് മാറ്റുകയായിരുന്നു.
പുടിന്റെ നോവ്ഗൊറോഡ് മേഖലയിലുള്ള വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്നായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റെ ആരോപണം. സമാധാന ചർച്ചകളെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നായിരുന്നു റഷ്യയുടെ പ്രധാന വാദം. തുടർന്ന് പുടിന്റെ വസതിയെ യുക്രെയ്ൻ ലക്ഷ്യമിട്ടിട്ടില്ലെന്നും മറിച്ച് മറ്റ് സൈനിക താവളങ്ങളിലേക്കാണ് ഡ്രോണുകൾ അയച്ചതെന്നും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ റിപ്പോർട്ടു പുറത്തുവിട്ടു. ഇതോടെ, സമാധാന ചർച്ചകളിൽ നിന്ന് റഷ്യ പിന്നോട്ട് പോകാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയും പ്രതികരിച്ചു.
Trump rejects Russia’s claim that Ukraine targeted Putin’s residence















