കാറ്റാടി യന്ത്രങ്ങളെ തള്ളി ട്രംപ്; പിന്നാലെ യൂറോപ്യൻ രാജ്യങ്ങളുടെ വൻ നീക്കം, ഒപ്പിട്ടത് വമ്പൻ കരാറിൽ; ബദൽ ഊർജ്ജത്തിലൂടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് യൂറോപ്പും ഏഷ്യയും

വാഷിം​ഗ്ടൺ: ദാവോസിൽ നടന്ന സാമ്പത്തിക ഉച്ചകോടിയിൽ കാറ്റാടി യന്ത്രങ്ങളെ അതിരൂക്ഷമായി വിമർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമായി, ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഹരിത ഊർജ്ജ പദ്ധതികളുമായി ലോകരാഷ്ട്രങ്ങൾ മുന്നോട്ട്. കാറ്റാടി യന്ത്രങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങൾ വിഡ്ഢികളാണെന്നും ഇത്തരം പദ്ധതികൾ പരാജയമാണെന്നുമാണ് ട്രംപ് പരിഹസിച്ചത്. എന്നാൽ, ഇതിന് തൊട്ടുപിന്നാലെ ഒമ്പത് യൂറോപ്യൻ രാജ്യങ്ങൾ ചേർന്ന് ഉത്തര സമുദ്രത്തിൽ കൂറ്റൻ കാറ്റാടി ഊർജ്ജ കേന്ദ്രം നിർമ്മിക്കാനുള്ള കരാറിൽ ഒപ്പിട്ടു.

അമേരിക്കൻ എണ്ണയെയും വാതകത്തെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനാണ് യൂറോപ്യൻ രാജ്യങ്ങളുടെ നീക്കം. മാറിക്കൊണ്ടിരിക്കുന്ന അമേരിക്കൻ നയങ്ങൾക്കിടയിൽ ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കുക എന്നത് യൂറോപ്പിനെ സംബന്ധിച്ച് അനിവാര്യമായി മാറിയിരിക്കുന്നു. പുനരുപയോഗ ഊർജ്ജത്തെ ഊർജ്ജ സ്വാതന്ത്ര്യത്തിന്റെ അടയാളമായാണ് വൻശക്തികൾ കാണുന്നത്. ഇന്ത്യ അതിവേഗത്തിൽ സൗരോർജ്ജ പദ്ധതികൾ വ്യാപിപ്പിക്കുമ്പോൾ, 2024-ൽ ചൈന സ്ഥാപിച്ച സൗര-കാറ്റാടി ഊർജ്ജ പ്ലാന്റുകൾ അമേരിക്കയിലെ ആകെ ഹരിത ഊർജ്ജത്തേക്കാൾ കൂടുതലാണ്.

ലോകം മുഴുവൻ ഹരിത ഊർജ്ജത്തിലേക്ക് മാറുമ്പോൾ, അമേരിക്ക ഫോസിൽ ഇന്ധനങ്ങളിലേക്ക് (എണ്ണ, കൽക്കരി) തിരിച്ചുപോകാനാണ് ശ്രമിക്കുന്നത്. കാറ്റാടി, സൗരോർജ്ജ പദ്ധതികൾ നിർത്തലാക്കാനുള്ള നീക്കത്തിലാണ് ട്രംപ് ഭരണകൂടം. ഊർജ്ജ നയത്തിന്റെ കാര്യത്തിൽ അമേരിക്ക ഇപ്പോൾ റഷ്യ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ പാതയിലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

More Stories from this section

family-dental
witywide