അതിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല, ഭീഷണിയുടെ സ്വരവുമായി ട്രംപ്; ഗ്രീൻലാൻഡ് അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിലാകണമെന്ന് യുഎസ് പ്രസിഡന്‍റ്

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ പൂർണ്ണ നിയന്ത്രണത്തിലാകണമെന്നും അതിൽ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കും താനില്ലെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ കടുത്ത നിലപാട് പ്രഖ്യാപിച്ചത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പുതിയ മിസൈൽ പ്രതിരോധ ശൃംഖലയായ ‘ഗോൾഡൻ ഡോമിനും’ ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വാദിക്കുന്നു.

ഗ്രീൻലാൻഡ് അമേരിക്കയുടെ കൈകളിൽ എത്തുന്നതോടെ നാറ്റോ സഖ്യം കൂടുതൽ ശക്തമാകുമെന്നും, അമേരിക്ക ഇത് ഏറ്റെടുത്തില്ലെങ്കിൽ റഷ്യയോ ചൈനയോ ആ പ്രദേശം കൈക്കലാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. “നല്ല രീതിയിലല്ലെങ്കിൽ കടുത്ത രീതിയിൽ” ഗ്രീൻലാൻഡ് സ്വന്തമാക്കുമെന്ന ട്രംപിന്റെ ഭീഷണി യൂറോപ്യൻ രാജ്യങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ന് വൈറ്റ് ഹൗസിൽ ഡെന്മാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസ്സെൻ, ഗ്രീൻലാൻഡ് വിദേശകാര്യ മന്ത്രി വിവിയൻ മോട്ട്‌സ്‌ഫെൽഡ് എന്നിവരുമായി നിർണ്ണായക ചർച്ച നടത്തുകയാണ്.

ഗ്രീൻലാൻഡിലെ 57,000 വരുന്ന ജനതയെ സ്വാധീനിക്കാൻ ഓരോ വ്യക്തിക്കും 10,000 മുതൽ ഒരു ലക്ഷം ഡോളർ വരെ (ഏകദേശം 8 ലക്ഷം മുതൽ 83 ലക്ഷം രൂപ വരെ) ഒറ്റത്തവണയായി നൽകുന്ന ഒരു പദ്ധതി ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. “ഞങ്ങൾ വിൽപനയ്ക്കുള്ളവരല്ല” എന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക കടന്നുകയറാൻ ശ്രമിച്ചാൽ സൈനികമായി നേരിടുമെന്നും “ആദ്യം വെടിവെക്കുക, പിന്നെ ചോദിക്കുക” എന്ന നിയമം തങ്ങളുടെ സൈന്യത്തിനുണ്ടെന്നും ഡെന്മാർക്ക് മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide