
വാഷിംഗ്ടൺ/ദാവോസ്: ഐക്യരാഷ്ട്രസഭയുടെ പ്രസക്തിയെ ചോദ്യം ചെയ്തുകൊണ്ട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ ആഗോള നയതന്ത്ര രംഗത്ത് വൻ ചർച്ചയാകുന്നു. 80 വർഷം പഴക്കമുള്ള ഐക്യരാഷ്ട്രസഭയ്ക്ക് പകരമായി തന്‍റെ നേതൃത്വത്തിലുള്ള ഈ പുതിയ ബോർഡ് മാറിയേക്കാമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ട്രംപ് സൂചിപ്പിച്ചു. “ഐക്യരാഷ്ട്രസഭ ഒരിക്കലും അതിന്‍റെ പൂർണ്ണമായ സാധ്യതകൾക്കനുസരിച്ച് പ്രവർത്തിച്ചിട്ടില്ല എന്ന് ട്രംപ് കുറ്റപ്പെടുത്തി. തന്റെ ‘ബോർഡ് ഓഫ് പീസ്’ യുഎന്നിന് പകരമാകുമോ എന്ന ചോദ്യത്തിന് അങ്ങനെ സംഭവിച്ചേക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തുടക്കത്തിൽ ഗാസയുടെ പുനർനിർമ്മാണത്തിനും സമാധാനത്തിനുമായി രൂപീകരിച്ച ബോർഡ് എന്ന നിലയിലാണ് യുഎൻ സുരക്ഷാ കൗൺസിൽ ഇതിന് അംഗീകാരം നൽകിയത്. എന്നാൽ പുതിയ ചാർട്ടർ പ്രകാരം, ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഒരു പരമാധികാര സമിതിയായാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.
ബോർഡിന്‍റെ ചാർട്ടർ പ്രകാരം ട്രംപ് ഇതിന് ‘അനിശ്ചിതകാല ചെയർമാൻ’ ആയിരിക്കും. സ്വയം രാജിവെക്കുകയോ അല്ലെങ്കിൽ ശാരീരികമായ അവശത അനുഭവപ്പെടുകയോ ചെയ്താൽ മാത്രമേ അദ്ദേഹത്തെ മാറ്റാൻ സാധിക്കൂ. പ്രസിഡന്‍റ് സ്ഥാനത്തെ രണ്ടാം കാലാവധി കഴിഞ്ഞാലും അദ്ദേഹം ചെയർമാനായി തുടരും.
ബോർഡിൽ സ്ഥിരം അംഗത്വം നേടാൻ താല്പര്യമുള്ള രാജ്യങ്ങൾ 100 കോടി ഡോളർ നൽകണമെന്ന വ്യവസ്ഥയാണ് ഏറ്റവും കൂടുതൽ വിവാദമായിരിക്കുന്നത്. ഈ തുക ഗാസയുടെ പുനർനിർമ്മാണത്തിനായി ഉപയോഗിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. അല്ലാത്ത രാജ്യങ്ങൾക്ക് മൂന്ന് വർഷത്തെ അംഗത്വമേ ലഭിക്കൂ. ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവരുൾപ്പെട്ട ഏഴംഗ എക്സിക്യൂട്ടീവ് ബോർഡിനെ വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. ലോകബാങ്ക് പ്രസിഡന്‍റ് അജയ് ബംഗയും ഈ ബോർഡിലുണ്ട്.















