ഗാസയിൽ സമാധാനത്തിന്റെ പുതുയുഗം; ട്രംപിന്‍റെ വൻ പ്രഖ്യാപനം; അഞ്ച് ബില്യൺ ഡോളറിന്‍റെ പുനർനിർമ്മാണ പാക്കേജായി

വാഷിംഗ്ടൺ: ഗാസയുടെ ഭാവി മാറ്റിമറിക്കാൻ ലക്ഷ്യമിട്ടുള്ള ബഹുകോടി ഡോളറിന്‍റെ മാനുഷിക സഹായ-പുനർനിർമ്മാണ പാക്കേജ് പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ ഈ വ്യാഴാഴ്ച വാഷിംഗ്ടണിൽ ചേരുന്ന ആദ്യ ഔദ്യോഗിക യോഗത്തിൽ പദ്ധതിക്ക് അന്തിമരൂപം നൽകും. ഗാസയുടെ പുനരുദ്ധാരണത്തിനായി അംഗരാജ്യങ്ങൾ അഞ്ച് ബില്യൺ ഡോളറിലധികം (ഏകദേശം 41,500 കോടി രൂപ) വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അന്താരാഷ്ട്ര സുരക്ഷാ സേനയുടെ വിന്യാസം ഉടൻ ഉണ്ടാകുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി.

2026 ഫെബ്രുവരി 19-ന് വാഷിംഗ്ടൺ ഡിസിയിലെ ‘ഡോണൾഡ് ജെ. ട്രംപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസി’ൽ വെച്ചായിരിക്കും ചരിത്രപരമായ ഈ പ്രഖ്യാപനം നടക്കുക. ഗാസയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്താരാഷ്ട്ര സ്റ്റബിലൈസേഷൻ ഫോഴ്സിനും പ്രാദേശിക പോലീസ് സംവിധാനത്തിനും രൂപം നൽകുമെന്നും ട്രംപ് അറിയിച്ചു. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ‘ബോർഡ് ഓഫ് പീസ്’ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള അന്താരാഷ്ട്ര സമിതിയായി മാറുമെന്നും അതിന്റെ അധ്യക്ഷനായി സേവനമനുഷ്ഠിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗാസയിൽ സമാധാനം പുലരുന്നതിന് ഹമാസ് പൂർണ്ണമായും നിരായുധീകരിക്കപ്പെടണമെന്ന കർശന വ്യവസ്ഥയും ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിനെ സ്വന്തം പേരിൽ പുനർനാമകരണം ചെയ്തുകൊണ്ടാണ് ട്രംപ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ആഗോള സമാധാന ശ്രമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്ന ഈ സമ്മേളനത്തിലേക്ക് നിരവധി ലോകരാജ്യങ്ങളെ അമേരിക്ക ഇതിനോടകം തന്നെ ക്ഷണിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide