
വാഷിംഗ്ടൺ: ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ വെടിവയ്പ്പ് നടത്തി നിരവധി പേരുടെ മരണത്തിടയാക്കിയ നിദാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഫയറിംഗ് സ്ക്വാഡ് വഴിയുള്ള വധശിക്ഷ അമേരിക്കൻ ജനതയ്ക്ക് കാണുന്ന രീതിയിൽ ലൈവ് സ്ട്രീം ചെയ്യുമെന്ന പെന്റഗണിന്റെ പ്രഖ്യാപനത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർത്തിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
ഭീകരവാദികളെ അമേരിക്ക എങ്ങനെയാണ് നേരിടുന്നത് എന്നതിന്റെ ശക്തമായ സന്ദേശമാകുമെന്ന കരുതിയാണ് വധശിക്ഷ ലൈവ് ചെയ്യാൻ ആലോചിച്ചിരുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ നല്ലവരായ പലരുടെയും താൽപ്പര്യം കണക്കിലെടുത്താണ് ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിശ്ചയിച്ച പ്രകാരം ഡിസംബർ 3-ന് ഉച്ചയ്ക്ക് ഒരു മണിക്ക് ടെക്സസ് ആർമി താവളത്തിൽ വെച്ച് ഫയറിംഗ് സ്ക്വാഡ് വഴി വധശിക്ഷ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2009-ൽ ഫോർട്ട് ഹുഡ് സൈനിക ക്യാമ്പിലുണ്ടായ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെടുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിദാൽ ഹസന് വധശിക്ഷ വിധിച്ചത്.













