
വാഷിംഗ്ടൺ: മിനിയാപൊളിസിലെ വിവാദമായ ഇമിഗ്രേഷൻ നടപടികളെത്തുടർന്ന് ഉടലെടുത്ത സംഘർഷങ്ങൾക്കിടെ, മിനസോട്ട ഗവർണർ ടിം വാൾസുമായും മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേയുമായും താൻ അതീവ പ്രധാന്യമുള്ള ചർച്ചകൾ നടത്തിയതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച രാവിലെ ഡബ്ല്യുഎബിസി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരു നേതാക്കളുമായും താൻ നടത്തിയ സംഭാഷണങ്ങൾ വളരെ മാന്യവും ക്രിയാത്മകവുമായിരുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
മിനിയാപൊളിസിൽ ഫെഡറൽ ഏജന്‍റുകളുടെ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഭരണകൂടവും സംസ്ഥാന സർക്കാരും തമ്മിൽ കടുത്ത പോര് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. “രണ്ട് പേരുമായും ഞാൻ മികച്ച രീതിയിൽ സംസാരിച്ചു. വളരെ ബഹുമാനപൂർവ്വമുള്ള സംഭാഷണങ്ങളായിരുന്നു അവ. കാര്യങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് നമുക്ക് നോക്കാം,” ട്രംപ് പറഞ്ഞു. ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന സൂചന നൽകിയ പ്രസിഡന്‍റ്, ക്രിമിനൽ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യം വെക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ആവർത്തിച്ചു.
“എനിക്ക് വേണ്ടത് അവരുടെ കൈവശമുള്ള ക്രിമിനലുകളെയാണ്. നിങ്ങളുടെ പക്കലുള്ള ക്രിമിനലുകളെ ഞങ്ങൾക്ക് വിട്ടുതരൂ, എങ്കിൽ ഈ പ്രശ്നങ്ങളെല്ലാം അവസാനിക്കും എന്നാണ് ഞാൻ അവരോട് പറഞ്ഞത്,” ട്രംപ് അഭിമുഖത്തിൽ വ്യക്തമാക്കി. കുറ്റവാളികളെ കൈമാറാൻ സംസ്ഥാന ഭരണകൂടം തയ്യാറായാൽ നിലവിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരമാകുമെന്നാണ് ട്രംപിന്‍റെ പക്ഷം.
അതേസമയം, ഗവർണർ ടിം വാൾസും മേയർ ജേക്കബ് ഫ്രേയും ഈ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് പ്രതികരിച്ചു. മിനിയാപൊളിസിലെ ഇമിഗ്രേഷൻ നടപടികളിൽ മാറ്റം വരുത്താൻ ട്രംപ് സമ്മതിച്ചതായും, ചില ഫെഡറൽ ഏജന്‍റുകളെ ഉടൻ തന്നെ അവിടെ നിന്ന് പിൻവലിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും മേയറുടെ ഓഫീസ് അറിയിച്ചു. ബോർഡർ സാർ ടോം ഹോമാനെ ഈ വിഷയത്തിൽ ഏകോപനത്തിനായി ട്രംപ് നിയോഗിച്ചിട്ടുണ്ട്. കടുത്ത നിലപാടുകളിൽ നിന്ന് ഇരുപക്ഷവും അല്പം പിന്നോട്ട് പോകുന്നത് മിനസോട്ടയിലെ സംഘർഷാവസ്ഥയ്ക്ക് ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.













