
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ലോകമെങ്ങും അഭ്യൂഹങ്ങൾ പടരുന്നതിനിടെ നിർണ്ണായക വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മുജ്തബ ഖമേനി മരിച്ചിട്ടില്ലെന്നും എന്നാൽ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. ഫോക്സ് ന്യൂസ് പ്രതിനിധി ബ്രയാൻ കിൽമീഡിന് നൽകിയ അഭിമുഖത്തിലാണ്, ഫെബ്രുവരി 28-ലെ അമേരിക്കൻ-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് മാരകമായി പരിക്കേറ്റെന്ന വാർത്തകൾ ട്രംപ് ശരിവെച്ചത്.
“അദ്ദേഹം ഏതോ ഒരു അവസ്ഥയിൽ ജീവനോടെയുണ്ടാകാം, പക്ഷേ അദ്ദേഹം പൂർണ്ണമായും തകർക്കപ്പെട്ടു എന്നാണ് ഞാൻ വിശ്വസിക്കുന്നത്,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസം ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ മുജ്തബയുടേതെന്ന പേരിൽ ഒരു സന്ദേശം പുറത്തുവിട്ടിരുന്നെങ്കിലും അദ്ദേഹം നേരിട്ട് ക്യാമറയ്ക്ക് മുന്നിൽ വരാത്തത് ട്രംപിന്റെ വാക്കുകൾക്ക് അടിവരയിടുന്നു. പിതാവ് ആയത്തുള്ള അലി ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ മുജ്തബയ്ക്കും പരിക്കേറ്റതായി സൈപ്രസിലെ ഇറാൻ സ്ഥാനപതിയും അന്താരാഷ്ട്ര മാധ്യമമായ ‘ദ ഗാർഡിയനോട്’ സമ്മതിച്ചിട്ടുണ്ട്.
നേതാവ് ആശുപത്രിയിലാണെങ്കിലും ഹോർമുസ് കടലിടുക്കിലെ സംഘർഷം ലഘൂകരിക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. എണ്ണക്കപ്പൽ ജീവനക്കാർ ഭയപ്പെടാതെ മുന്നോട്ട് പോകണമെന്നും ഇറാന്‍റെ നാവികശേഷി തങ്ങൾ തകർത്തെന്നുമാണ് ട്രംപിന്‍റെ വാദം. എന്നാൽ മുജ്തബ ഖമേനിയുടെ പരിക്കുകൾക്ക് പകരം വീട്ടാൻ ഇറാന്‍റ സൈനിക വിഭാഗങ്ങൾ കൂടുതൽ കടുത്ത നീക്കങ്ങളിലേക്ക് കടക്കുകയാണ്. മിസൈൽ ആക്രമണങ്ങളും കടലിടുക്ക് ഉപരോധവും തുടരുന്ന പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയിലെ യുദ്ധം ഒരു നേതാവിന്‍റെ അഭാവത്തിലും സ്വയം കത്തിയെരിയുന്ന അവസ്ഥയിലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.














