
വാഷിംഗ്ടൺ: റഷ്യ ഇറാനുമായി രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അത്തരത്തിലുള്ള യാതൊരു സൂചനയും തനിക്കില്ലെന്ന് എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“റഷ്യ അത്തരത്തിൽ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ പോലും അതിൽ അവർ വിജയിക്കുന്നില്ല എന്നാണ് കരുതുന്നത്. കാരണം നിലവിൽ ഇറാൻ്റെ അവസ്ഥ അത്ര മെച്ചമല്ല,” ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ, പശ്ചിമേഷ്യയിലെ യുഎസ് സേനയുടെ സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ റഷ്യ ഇറാനുമായി പങ്കുവെക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. യുഎസ് യുദ്ധക്കപ്പലുകളും റഡാർ സംവിധാനങ്ങളും കണ്ടെത്താൻ ഈ വിവരങ്ങൾ ഇറാനെ സഹായിച്ചേക്കാം. എങ്കിലും, മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണങ്ങൾ നടത്താൻ റഷ്യ ഇറാനെ സഹായിക്കുന്നതായി സൂചനകളൊന്നുമില്ല.
ഇറാനെ സഹായിക്കരുതെന്ന് റഷ്യയോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. റഷ്യ ഇത്തരത്തിൽ വിവരങ്ങൾ കൈമാറുന്നുണ്ടോ എന്ന ചോദ്യത്തിന്, “അവർ അങ്ങനെ ചെയ്യില്ലെന്നാണ് എൻ്റെ പ്രതീക്ഷ” എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
Trump says he has no indication that Russia is sharing intelligence with Iran, calls Iran’s situation “deplorable”.















