ലോകത്തെ ഞെട്ടിക്കുന്ന ‘ബോംബിട്ട്’ ട്രംപ്, നാറ്റോ സഖ്യം വിടാൻ അമേരിക്ക? സഖ്യകക്ഷികളോടുള്ള അമർഷം മറച്ചുവയ്ക്കാതെ യുഎസ് പ്രസിഡന്റ്

വാഷിംഗ്ടൺ: നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന സൈനിക സഖ്യത്തിൽ നിന്നും അമേരിക്ക പിന്മാറുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ ചലനമുണ്ടാക്കുന്ന ഈ വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയത്. ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ നാറ്റോ സഖ്യത്തിനെതിരെ താൻ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ആവശ്യഘട്ടങ്ങളിൽ അവർ (നാറ്റോ രാജ്യങ്ങൾ) നമുക്കൊപ്പം നിന്നിട്ടില്ല. നമ്മൾ അവരോട് അധികമൊന്നും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഇതൊരു ഏകപക്ഷീയമായ ബന്ധമായാണ് തുടരുന്നത്,” ട്രംപ് കുറ്റപ്പെടുത്തി. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്തതിലും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള നയതന്ത്ര-സൈനിക നീക്കങ്ങളിൽ സഹായിക്കാത്തതിലും ട്രംപ് നാറ്റോ അംഗരാജ്യങ്ങളോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി. സഖ്യകക്ഷികൾ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറുന്നുവെന്നതാണ് ട്രംപിന്റെ പ്രധാന ആരോപണം.

ഇറാൻ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും, “വളരെ പെട്ടെന്ന് തന്നെ നമ്മൾ അവിടെ നിന്നും പുറത്തുവരും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. നാറ്റോയിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ലോകക്രമത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാം. ഇന്ന് രാത്രിയിലെ പ്രസിഡന്റിന്റെ പ്രസംഗത്തിനായി ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.

More Stories from this section

family-dental
witywide