ആണവനിലയങ്ങൾ പൊളിക്കണം, മിസൈലുകൾക്ക് നിയന്ത്രണം വേണം, പറഞ്ഞതനുസരിച്ചില്ലെങ്കിൽ ഇറാനെ കാത്തിരിക്കുന്നത് നരകമെന്ന് ട്രംപ്

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാർ ഇറാൻ അംഗീകരിച്ചില്ലെങ്കിൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. ഇറാൻ കരാറിന് വഴങ്ങുന്നില്ലെങ്കിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവിടെ “നരകം അഴിച്ചുവിടുമെന്ന്” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

“ഇറാൻ നിലവിലെ യാഥാർത്ഥ്യം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടാൽ, അവർ സൈനികമായി പരാജയപ്പെട്ടുവെന്നത് അംഗീകരിച്ചില്ലെങ്കിൽ, ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്ര കഠിനമായ പ്രഹരം അവർക്ക് ഏൽപ്പിക്കുമെന്ന് പ്രസിഡൻ്റ് ട്രംപ് ഉറപ്പുനൽകുന്നു,” ലെവിറ്റ് പറഞ്ഞു. ട്രംപ് വെറുതെ ഭീഷണിപ്പെടുത്തുകയല്ലെന്നും ഇറാൻ ഇനിയൊരു തെറ്റായ കണക്കുകൂട്ടലിന് മുതിരരുതെന്നും അവർ കൂട്ടിച്ചേർത്തു.

യുദ്ധം അവസാനിപ്പിക്കാനായി 15 നിർദ്ദേശങ്ങളടങ്ങിയ ഒരു കർശനമായ പ്ലാനാണ് അമേരിക്ക മുന്നോട്ടുവെച്ചിരിക്കുന്നത്. നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ തുടങ്ങിയ പ്രധാന ആണവനിലയങ്ങൾ പൊളിച്ചുനീക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര ഏജൻസിക്ക് (IAEA) കൈമാറുക, ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണത്തിലും ദൂരപരിധിയിലും നിയന്ത്രണം ഏർപ്പെടുത്തുക, മറ്റ് രാജ്യങ്ങളിലെ സായുധ സംഘങ്ങൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കുക, ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുനൽകുക എന്നിവയാണ് അമേരിക്ക മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ.

പകരമായി, ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാമെന്നും സമാധാനപരമായ ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഉൽപ്പാദനത്തിന് സഹായിക്കാമെന്നും അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ ഈ പ്ലാൻ ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ചർച്ചകൾ ഇപ്പോഴും സജീവമാണെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ട്. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസീം മുനീർ ഈ നീക്കങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നതായാണ് വിവരം.

നിലവിൽ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിലെ ഒമ്പതിനായിരത്തോളം ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിക്കഴിഞ്ഞു. ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും നാവികസേനയ്ക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ നിലവിൽ 50,000-ത്തോളം യുഎസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ സൈന്യത്തെ അയക്കാൻ പെന്റഗൺ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Trump says Iran must dismantle nuclear plants, control missiles, and hell awaits if it doesn’t do what he says

More Stories from this section

family-dental
witywide