വാഷിങ്ടൺ: ഇറാനെ ആണവായുധം വികസിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കോൺഗ്രസിൽ നടത്തിയ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിലാണ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകിയത്. ഇസ്രായേൽ–ഇറാൻ സംഘർഷത്തിനിടെ കഴിഞ്ഞ വർഷം നടത്തിയ “ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ” വ്യോമാക്രമണത്തിലൂടെ ഇറാന്റെ ആണവ പദ്ധതി തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ടു. വീണ്ടും ആയുധ പദ്ധതി പുനരാരംഭിക്കാൻ ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഇറാൻ ആണവ ആഗ്രഹങ്ങൾ തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
“പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനാണ് മുൻഗണന. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ഭീകരതാ പിന്തുണക്കാരന് ആണവായുധം അനുവദിക്കില്ല,” എന്നും ട്രംപ് പറഞ്ഞു. ഇറാൻ ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്ന ഉറപ്പ് നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ, രാജ്യത്തിന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കായുള്ളതാണെന്നും ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇരുരാജ്യങ്ങളുടെയും ആശങ്കകളും പരിഗണിച്ചുള്ള കരാർ ലക്ഷ്യമിടുന്നതായും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
രണ്ടാംഘട്ട ചർച്ചകൾ പ്രോത്സാഹനകരമായ സൂചനകൾ നൽകിയതായും എന്നാൽ ഏത് സാഹചര്യത്തിനും തയ്യാറാണെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ മുന്നറിയിപ്പ് നൽകി. ട്രംപിന്റെ മിഡിൽ ഈസ്റ്റ് ദൂതനായ സ്റ്റീവ് വിറ്റ്കോഫ് ഇറാൻ ഉയർന്ന തോതിൽ യൂറേനിയം സമ്പുഷ്ടീകരണം നടത്തിയിട്ടുണ്ടെന്നും ആശങ്ക ഉയർത്തി. അതേസമയം, അടുത്ത ഘട്ട ഇറാൻ–യുഎസ് ചർച്ചകൾ ഫെബ്രുവരി 26ന് ജിനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി അറിയിച്ചു. ഈ മാസം ആദ്യം മസ്കറ്റിൽ ചർച്ചകൾ പുനരാരംഭിച്ചിരുന്നു.
Trump says Iran will never be allowed to develop nuclear weapons












