തന്‍റെ പേരിട്ടതിന് പിന്നാലെ കെന്നഡി സെന്‍റർ 2 വർഷത്തേക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ച് ട്രംപ്; നവീകരണ നീക്കത്തിനെതിരെ പ്രതിഷേധം

വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ സാംസ്‌കാരിക കേന്ദ്രമായ ‘ജോൺ എഫ്. കെന്നഡി സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സ്’ 2026 ജൂലൈ നാല് മുതൽ ഏകദേശം രണ്ട് വർഷത്തേക്ക് അടച്ചിടുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കെട്ടിടത്തിന്‍റെ മോശം അവസ്ഥ പരിഹരിക്കാനും ലോകോത്തര നിലവാരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്താനുമാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. ട്രംപിന്റെ രണ്ടാം ഭരണകാലത്ത് കെന്നഡി സെന്ററിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിനെ അദ്ദേഹം പുനഃസംഘടിപ്പിച്ചിരുന്നു.

ഇതിനെത്തുടർന്ന് ഡിസംബറിൽ സെന്ററിന്റെ പേര് ‘ഡോണൾഡ് ജെ. ട്രംപ് ആൻഡ് ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സെന്റർ’ എന്ന് മാറ്റിയിരുന്നു. ഇത് കെന്നഡി കുടുംബത്തെയും കലാകാരന്മാരെയും ചൊടിപ്പിച്ചു.
പേര് മാറ്റത്തിലും ട്രംപിന്റെ രാഷ്ട്രീയ ഇടപെടലുകളിലും പ്രതിഷേധിച്ച് ‘ഹാമിൽട്ടൺ’ പോലുള്ള പ്രമുഖ ഷോകളും ഫിലിപ്പ് ഗ്ലാസ്, റെനി ഫ്ലെമിംഗ് തുടങ്ങിയ പ്രശസ്ത കലാകാരന്മാരും പ്രകടനങ്ങളിൽ നിന്ന് പിന്മാറിയിരുന്നു. വാഷിംഗ്ടൺ നാഷണൽ ഓപ്പറയും സെന്ററുമായുള്ള 50 വർഷത്തെ ബന്ധം അവസാനിപ്പിച്ചു.

കെന്നഡി സെന്റർ നിലവിൽ സാമ്പത്തികമായും ഘടനാപരമായും തകർച്ചയിലാണെന്നും, ഇത് നവീകരിച്ച് സമാനതകളില്ലാത്ത ഒരു കലാകേന്ദ്രമാക്കി മാറ്റുമെന്നുമാണ് ട്രംപ് പറയുന്നത്. ജൂലൈ 4-ന് (അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനം) നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പദ്ധതി. മുൻ കോൺഗ്രസ് അംഗം ജോ കെന്നഡി III ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. “ഒരു രാജ്യത്തിന്റെ മഹത്വം നിർണ്ണയിക്കുന്നത് കെട്ടിടങ്ങളല്ല, മറിച്ച് അവിടുത്തെ നേതാക്കളുടെയും ജനങ്ങളുടെയും പ്രവൃത്തികളാണ്” എന്ന് അദ്ദേഹം പ്രതികരിച്ചു. ട്രംപിന്റെ പേര് സെന്ററിനോട് ചേർത്തത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഡെമോക്രാറ്റുകൾ കോടതിയെ സമീപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide