
വാഷിംഗ്ടൺ: താൻ അമേരിക്കൻ പ്രസിഡന്റായിരുന്നില്ലെങ്കിൽ സൗദി അറേബ്യയും ഇസ്രായേലും ഇന്ന് നിലനിൽക്കില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ടൈം’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മിഡിൽ ഈസ്റ്റിലെ സഖ്യരാജ്യങ്ങളെക്കുറിച്ചുള്ള വിവാദപരമായ പ്രസ്താവനകൾ ട്രംപ് ആവർത്തിച്ചത്. യമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ സംയുക്ത ബോംബാക്രമണം നടത്തണമെന്ന സൗദി അറേബ്യയുടെ അഭ്യർത്ഥന ട്രംപ് നിരസിച്ചതായി വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്.
എന്നാൽ സൗദി നേതൃത്വവുമായി തനിക്ക് വളരെ മികച്ച ബന്ധമാണുള്ളതെന്നും സൗദിയെ സംരക്ഷിക്കുന്നത് താനാണെന്നും ട്രംപ് അവകാശപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഇടപെടലുകൾ ഇല്ലായിരുന്നുവെങ്കിൽ സൗദി അറേബ്യയും ഇസ്രായേലും മറ്റു പല രാജ്യങ്ങളും ഭൂമുഖത്തുനിന്ന് തന്നെ തുടച്ചുനീക്കപ്പെടുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
മേഖലയിൽ യുഎസ് സൈനിക പിന്തുണയും തന്ത്രപ്രധാന സഹകരണവും നൽകുന്നതിൽ തന്റെ പങ്കിനെ മുൻനിർത്തിയാണ് ട്രംപ് ഈ പരാമർശങ്ങൾ നടത്തിയത്. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ ട്രംപിന്റെ പ്രസ്താവന നയതന്ത്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.












