മഡുറോയെ പിടികൂടിയത് അതീവ സുരക്ഷാ കോട്ടയിൽ നിന്ന്; യുഎസ് സൈനികർക്ക് പരിക്ക്, ആളപായമില്ലെന്ന് ട്രംപ്

ഫ്ലോറിഡ: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടാനായി അമേരിക്കൻ സൈന്യം നടത്തിയ അതിസാഹസികമായ ദൗത്യത്തിൽ ചില യുഎസ് സൈനികർക്ക് പരിക്കേറ്റതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. എങ്കിലും ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നത് വലിയ ആശ്വാസമാണെന്ന് അദ്ദേഹം ശനിയാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതീവ സുരക്ഷയുള്ള ഒരു സൈനിക താവളത്തിൽ നിന്നാണ് (ഫോർട്രസ്) മഡുറോയെ പിടികൂടിയത്. ആക്രമണത്തിനിടെ ഒരു അമേരിക്കൻ ഹെലികോപ്റ്ററിന് കേടുപാടുകൾ സംഭവിച്ചെങ്കിലും അത് തിരികെ എത്തിക്കാൻ സാധിച്ചുവെന്നും മറ്റു വിമാനങ്ങളൊന്നും ദൗത്യത്തിൽ നഷ്ടപ്പെട്ടിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

മഡുറോയെയും ഭാര്യയെയും കസ്റ്റഡിയിലെടുത്ത ദൗത്യം അതിശയകരമായ രീതിയിലാണ് പൂർത്തിയാക്കിയതെന്ന് ട്രംപ് വിശേഷിപ്പിച്ചു. വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലെ ‘ഫൂർട്ടെ ടിയൂണ’ എന്ന അതീവ സുരക്ഷാ മേഖലയിലാണ് അമേരിക്കൻ ഡെൽറ്റ ഫോഴ്സ് വിഭാഗം ആക്രമണം നടത്തിയത്. സൈനികർക്ക് നേരെ ശക്തമായ ചെറുത്തുനിൽപ്പ് ഉണ്ടായെങ്കിലും ദൗത്യം വിജയകരമായി പൂർത്തിയാക്കി മഡുറോയെ വിമാനമാർഗ്ഗം രാജ്യത്തിന് പുറത്തെത്തിക്കുകയായിരുന്നു. പരിക്കേറ്റ സൈനികർ നിലവിൽ അപകടനില തരണം ചെയ്തതായും അവർ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

വെനിസ്വേലയുടെ ഭാവി കാര്യങ്ങളിൽ അമേരിക്കയ്ക്ക് വലിയ പങ്കുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. മഡുറോയ്ക്ക് ശേഷം മറ്റൊരാൾ അധികാരം പിടിച്ചെടുത്ത് ലഹരിക്കടത്ത് തുടരാൻ അനുവദിക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്. വെനിസ്വേലയിലെ എണ്ണ ശേഖരത്തിന്മേൽ അമേരിക്കയ്ക്ക് ശക്തമായ താല്പര്യമുണ്ടെന്നും വികസന പ്രവർത്തനങ്ങളിൽ തങ്ങൾ സജീവമായി ഇടപെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയുടെ ഈ നീക്കം ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണെന്ന് വാഷിംഗ്ടൺ അവകാശപ്പെടുമ്പോൾ, ലോകം ഈ നാടകീയമായ സൈനിക ഇടപെടലിനെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്.

More Stories from this section

family-dental
witywide