
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും നിർണ്ണായകമായ കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നുനൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ ഇതേ വേഗതയിൽ മുന്നോട്ട് പോവുകയാണെങ്കിൽ വൈകാതെ തന്നെ പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും അമേരിക്കയും ഇറാനും സംയുക്തമായി ഏറ്റെടുക്കുന്ന രീതിയിലുള്ള ക്രമീകരണമാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വെളിപ്പെടുത്തി.
“ഞാനും അയത്തൊള്ളയും ചേർന്ന് ഇത് സംയുക്തമായി നിയന്ത്രിക്കും, അത് നിലവിലുള്ള ആളായാലും വരാനിരിക്കുന്ന അടുത്ത ആളായാലും ശരി,” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാന്റെ ഉന്നത നേതൃത്വത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും ഇത് സ്വാഭാവികമായ ഒരു ഭരണമാറ്റത്തിന് (Regime Change) വഴിതുറന്നതായും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഇറാൻ ഭരണകൂടത്തിനുള്ളിൽ നിന്ന് തന്നെ വളരെ വിവേകശാലികളായ ചില വ്യക്തികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അവരിലൊരാൾ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള നേതൃത്വത്തിലേക്ക് ഉയർന്നു വന്നേക്കാമെന്നും ട്രംപ് സൂചന നൽകി.
കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇപ്പോൾ താൻ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നത് വളരെ മാന്യരും ദൃഢനിശ്ചയമുള്ളവരുമായ ആളുകളോടാണ്. ഇറാനിലെ ജനങ്ങൾക്കിടയിൽ വലിയ ബഹുമാനമുള്ള ഇവരിൽ ഒരാൾ ഒരുപക്ഷേ അമേരിക്ക പ്രതീക്ഷിക്കുന്ന മാറ്റത്തിന്റെ പ്രതിനിധിയായി മാറിയേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാനും ആഗോള വിതരണ ശൃംഖലയെ ബാധിക്കുന്ന ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാനും ഈ നീക്കം നിർണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.













