വീണ്ടും നിർണായക വിഷയത്തിൽ സുപ്രീംകോടതിക്ക് മുന്നിൽ ട്രംപ്! തിരിച്ചടി പ്രതീക്ഷിച്ച് പ്രതികരണം, പൗരത്വ അവകാശത്തിൽ സുപ്രധാന വിധി കാത്ത് യുഎസ്

വാഷിംഗ്ടൺ: അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ ലഭിക്കുന്ന പൗരത്വ അവകാശം റദ്ദാക്കാനുള്ള തന്‍റെ നീക്കത്തിന് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ വിഷയത്തിൽ കോടതി തെറ്റായ തീരുമാനമെടുക്കും എന്നാണ് അദ്ദേഹം ഇന്ന് രാവിലെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരോപിച്ചത്.
അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി അടിമകളുടെ മക്കൾക്ക് പൗരത്വം ഉറപ്പാക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു എന്നാണ് ട്രംപിന്റെ വാദം. ആഭ്യന്തരയുദ്ധം അവസാനിച്ച സമയത്താണ് ഇത് നിലവിൽ വന്നത് എന്നതിനാൽ ഇന്നത്തെ കാലത്ത് വിദേശികൾക്കും അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്കും ഈ അവകാശം നൽകുന്നത് ശരിയല്ലെന്ന് അദ്ദേഹം പറയുന്നു.

ജന്മനാൽ ലഭിക്കുന്ന പൗരത്വം നിലനിർത്തുന്നത് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നും അവർ ഇതിലൂടെ വലിയ നേട്ടമുണ്ടാക്കുന്നുണ്ടെന്നും ട്രംപ് ആരോപിക്കുന്നു. കഴിഞ്ഞ ആഴ്ച ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി നികുതികൾ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിക്കെതിരെ അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. പ്രത്യേകിച്ച് അദ്ദേഹം തന്നെ നിയമിച്ച ജഡ്ജിമാരായ ആമി കോണി ബാരറ്റ്, നീൽ ഗോർസച്ച് എന്നിവർക്കെതിരെയും അദ്ദേഹം വിമർശനം ഉയർത്തുന്നു.

അമേരിക്കയിൽ ഏകദേശം 160 വർഷമായി നിലനിൽക്കുന്ന നിയമമാണ് ജന്മനാലുള്ള പൗരത്വം. ഇതിലൂടെ വിദേശ മാതാപിതാക്കൾക്ക് ജനിച്ചാലും അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഏതൊരാളും പൗരനായി മാറും. ഇത് തന്റെ എക്സിക്യൂട്ടീവ് ഓർഡറിലൂടെ റദ്ദാക്കാൻ ട്രംപ് ശ്രമിച്ചിരുന്നു. ഈ ഉത്തരവിന്റെ ഭരണഘടനാപരമായ സാധുത സുപ്രീം കോടതി ഉടൻ പരിശോധിക്കും. കോടതി വിധി അനുകൂലമായില്ലെങ്കിൽ അത് ചൈനയെപ്പോലുള്ള ശത്രുരാജ്യങ്ങളെ സന്തോഷിപ്പിക്കും എന്നാണ് ട്രംപിന്റെ ഇപ്പോഴത്തെ പ്രധാന ആരോപണം. ജൂൺ അവസാനമോ ജൂലൈ ആദ്യമോ ഈ വിഷയത്തിൽ അന്തിമ വിധി ഉണ്ടാകാനാണ് സാധ്യത.

More Stories from this section

family-dental
witywide