ട്രംപ് സ്ഥിരീകരിച്ചു, സൗദിയിലെ ഇറാൻ ആക്രമണത്തിൽ അഞ്ച് ടാങ്കർ വിമാനങ്ങൾക്ക് കേടുപാടുണ്ടായി; തകർന്നിട്ടില്ലെന്ന് പ്രസിഡന്‍റ്

വാഷിംഗ്ടൺ/റിയാദ്: പശ്ചിമേഷ്യൻ യുദ്ധം ആളിപ്പടരുന്നതിനിടെ സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെ ഇറാന്‍റെ ശക്തമായ മിസൈൽ ആക്രമണം. ആക്രമണത്തിൽ താവളത്തിൽ പാർക്ക് ചെയ്തിരുന്ന അമേരിക്കയുടെ അഞ്ച് ഇന്ധനവാഹിനി വിമാനങ്ങൾക്ക് കേടുപാടുണ്ടായി എന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച സ്ഥിരീകരിച്ചു. എന്നാൽ വിമാനങ്ങൾ തകർന്നിട്ടില്ലെന്നും അവയ്ക്ക് ചെറിയ നാശനഷ്ടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നും ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിലൂടെ അവകാശപ്പെട്ടു.

അഞ്ച് വിമാനങ്ങളിൽ നാലെണ്ണം ഇതിനകം തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസിൽ തിരിച്ചെത്തിയതായും അഞ്ചാമത്തെ വിമാനം ഉടൻ തന്നെ പ്രവർത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. “വിമാനങ്ങൾ തകർക്കപ്പെട്ടു എന്ന തരത്തിലുള്ള വ്യാജവാർത്തകൾ മാധ്യമങ്ങൾ പടച്ചുവിടുകയാണ്. താവളത്തിന് നേരെ ആക്രമണമുണ്ടായെങ്കിലും വിമാനങ്ങൾ സുരക്ഷിതമാണ്,” ട്രംപ് കുറിച്ചു. എന്നാൽ വാൾസ്ട്രീറ്റ് ജേണൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഇറാന്റെ ബാലസ്റ്റിക് മിസൈലുകൾ താവളത്തിൽ നേരിട്ട് പതിച്ചതായും വിമാനങ്ങൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നുമാണ്.

യുഎസ് സൈനിക നടപടിയായ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യിൽ ഈ ടാങ്കർ വിമാനങ്ങൾ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന ഈ വിമാനങ്ങൾ തകരാറിലാകുന്നത് അമേരിക്കയുടെ വ്യോമാക്രമണങ്ങളുടെ വേഗത കുറയ്ക്കാൻ കാരണമാകും. ഈ ആക്രമണത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇറാഖിൽ കഴിഞ്ഞ ദിവസം രണ്ട് ടാങ്കർ വിമാനങ്ങൾ കൂട്ടിയിടിച്ച് ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സൗദിയിലെ താവളത്തിന് നേരെയും ആക്രമണമുണ്ടാകുന്നത്.

More Stories from this section

family-dental
witywide