
ഫ്ലോറിഡ: വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ അമേരിക്കൻ സൈന്യത്തിന്‍റെ പിടിയിലായതിന് പിന്നാലെ, ആ രാജ്യത്തിന്റെ അടുത്ത നീക്കങ്ങൾ തീരുമാനിക്കുന്നതിൽ അമേരിക്ക സജീവമായ പങ്കുവഹിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. മഡുറോ ഒഴിച്ചിട്ട സ്ഥാനത്തേക്ക് മറ്റൊരു ഏകാധിപതിയോ അമേരിക്കൻ വിരുദ്ധ ശക്തികളോ വരാൻ അനുവദിക്കില്ലെന്നാണ് ട്രംപിന്‍റെ നിലപാട്. വെനിസ്വേലയിലെ ഭരണം ആര് കൈയാളണം എന്ന കാര്യത്തിൽ നിലവിൽ ചർച്ചകൾ നടക്കുകയാണെന്നും ഈ പ്രക്രിയയിൽ അമേരിക്ക ശക്തമായി ഇടപെടുമെന്നും അദ്ദേഹം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വെനിസ്വേലയെ പഴയതുപോലെ തുടരാൻ തങ്ങൾ അനുവദിക്കില്ലെന്നും ജനാധിപത്യപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ തങ്ങൾ മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വെനിസ്വേലയിലെ പ്രമുഖ പ്രതിപക്ഷ നേതാവും നോബൽ സമാധാന പുരസ്കാര ജേതാവുമായ മരിയ കോറിന മച്ചാഡോയെ ട്രംപ് ഭരണകൂടം പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. മച്ചാഡോയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, “നമുക്ക് അത് പരിശോധിക്കേണ്ടതുണ്ട്” എന്നായിരുന്നു ട്രംപിന്റെ മറുപടി. മഡുറോയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ മച്ചാഡോ മുൻപന്തിയിലുണ്ടായിരുന്നെങ്കിലും, അവരെ നേരിട്ട് ഭരണമേൽപ്പിക്കാൻ ട്രംപ് തയ്യാറാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. മഡുറോയ്ക്ക് പകരം വരുന്ന ഭരണകൂടം അമേരിക്കയുമായി സഹകരിച്ചു പോകുന്നുവെന്ന് ഉറപ്പുവരുത്താനാണ് വാഷിംഗ്ടൺ ആഗ്രഹിക്കുന്നത്.
വെനിസ്വേലയിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശേഖരത്തിന്മേൽ അമേരിക്കയ്ക്ക് വ്യക്തമായ താല്പര്യമുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ എണ്ണക്കമ്പനികൾക്ക് വെനിസ്വേലയിൽ കൂടുതൽ അവസരങ്ങൾ നൽകുന്ന രീതിയിലുള്ള മാറ്റങ്ങളാകും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. മഡുറോയുടെ തടങ്കലോടെ വെനിസ്വേലയിൽ ഒരു പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കമാകുമെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, അത് ആ രാജ്യത്തിന്റെ പരമാധികാരത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്. ന്യൂയോർക്കിൽ മഡുറോയുടെ വിചാരണ തുടങ്ങുന്നതോടെ ഇതിൽ കൂടുതൽ രാഷ്ട്രീയ വ്യക്തത കൈവരും.















