രണ്ടുംകൽപ്പിച്ച് ട്രംപ്, ചർച്ച പരാജയപ്പെട്ടതോടെ കടുത്ത പ്രഖ്യാപനം; യുഎസ് നേവി ഇറങ്ങുന്നു, ഹോർമുസിൽ കപ്പലുകൾ തടയും

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ലോകത്തെ നടുക്കുന്ന കടുത്ത പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും തടയാനും ഉപരോധിക്കാനും യുഎസ് നാവികസേനയ്ക്ക് ട്രംപ് ഉത്തരവ് നൽകി. ഇറാൻ നിയമവിരുദ്ധമായി ഈടാക്കുന്ന ടോൾ നൽകുന്ന ഒരു കപ്പലിനെയും അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാന്റെ ഈ നടപടി ആഗോളതലത്തിലുള്ള ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാൻ നാവികസേന നടപടി ആരംഭിക്കുമെന്നും അമേരിക്കൻ സേനയ്ക്കോ സമാധാനപരമായ യാത്ര നടത്തുന്ന കപ്പലുകൾക്കോ നേരെ ഇറാൻ വെടിയുതിർത്താൽ ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് ഇറാൻ ഏകപക്ഷീയമായി അടച്ചതിനെത്തുടർന്ന് ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം. അന്താരാഷ്ട്ര കപ്പൽ പാതയിലൂടെ സ്വതന്ത്രമായ ഗതാഗതം ഉറപ്പാക്കണമെന്നതായിരുന്നു അമേരിക്ക മുന്നോട്ടുവെച്ച പ്രധാന നിബന്ധന.

തങ്ങൾ നൽകിയ വാഗ്ദാനം പാലിച്ച് അന്താരാഷ്ട്ര ജലപാത എത്രയും വേഗം തുറക്കാൻ ഇറാൻ തയ്യാറാകണമെന്ന് ട്രംപ് ആവർത്തിച്ചു. സമാധാന ചർച്ചകൾ വഴിമുട്ടിയതോടെ മേഖലയിൽ സൈനിക നീക്കങ്ങൾക്കുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം ആഗോള എണ്ണ വിപണിയെയും വ്യാപാരത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. വരും മണിക്കൂറുകളിൽ അമേരിക്കയുടെയും ഇറാന്റെയും നീക്കങ്ങൾ അതീവ നിർണായകമാകും.

More Stories from this section

family-dental
witywide