
വാഷിംഗ്ടൺ/ ടെഹ്റാൻ: യുദ്ധം രണ്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുമ്പോഴും, ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് ഇറാൻ. ചുരുങ്ങിയത് ആറ് മാസമെങ്കിലും യുദ്ധം തുടരാൻ ഇറാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“സ്വയം പ്രതിരോധിക്കാൻ ഞങ്ങൾ സമയപരിധി നിശ്ചയിച്ചിട്ടില്ല. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ എത്രത്തോളം ആവശ്യമാണോ അത്രത്തോളം ഞങ്ങൾ പോരാടും,” അരാഗ്ചി വ്യക്തമാക്കി. ശത്രുക്കൾ നിശ്ചയിക്കുന്ന സമയപരിധി തങ്ങൾക്ക് ബാധകമല്ലെന്നും, കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുന്നതാണ് അവർക്ക് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മേഖലയിലാകെ സമാധാനം ഉറപ്പാക്കിയാൽ മാത്രമേ യുദ്ധം അവസാനിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനിലെ പുതിയ ഭരണകൂടവുമായി ഗൗരവകരമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിൻ്റെ അവകാശവാദം അരാഗ്ചി തള്ളി. വാഷിംഗ്ടണുമായി നേരിട്ടുള്ള ചർച്ചകൾ നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, മിഡിൽ ഈസ്റ്റിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മധ്യസ്ഥർ വഴി ആശയവിനിമയം നടക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഇറാനുമായി സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും ഭാവിയിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.
ഇറാനുമായുള്ള യുദ്ധം രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ പുതിയ സമയപരിധി പ്രഖ്യാപിച്ചത്. ഇറാൻ ഒരു ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പായാൽ ഉടൻ തന്നെ അമേരിക്ക അവിടുന്ന് പിന്മാറുമെന്ന് ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ഒരു ഔദ്യോഗിക കരാർ ആവശ്യമില്ലെന്നും, തങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചാൽ മാത്രം മതിയെന്നുമാണ് അദ്ദേഹത്തിൻ്റെ പക്ഷം. യുദ്ധം കാരണം ഇന്ധനവില വർദ്ധിക്കുന്നത് ട്രംപിന് മേൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. യുഎസ് സൈന്യം പിന്മാറുന്നതോടെ പെട്രോൾ വില കുറയുമെന്നും ട്രംപ് അവകാശപ്പെട്ടു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ട് വെച്ച 15 നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും ഇറാൻ അംഗീകരിച്ചെന്ന ട്രംപിൻ്റെ വാദം തെറ്റാണെന്ന് അരാഗ്ചി പറഞ്ഞു. ഈ നിർദ്ദേശങ്ങളോട് ഇറാൻ പ്രതികരിച്ചിട്ടില്ലെന്നും അമേരിക്കയുടെ സമീപനത്തിൽ മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീഷണിയുടെയും സമയപരിധിയുടെയും ഭാഷയിൽ ഇറാനോട് സംസാരിക്കാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Trump says war will be over in weeks; Iran says ready to fight for months, uncertainty in West Asia














