ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; നിലപാട് മാറ്റി അമേരിക്കൻ പ്രസിഡൻ്റ്

മയാമി: ഇറാനുമായുള്ള സംഘർഷം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ മയാമിയിൽ നടന്ന എഫ്.ഐ.ഐ ഉച്ചകോടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ഇത് ഇതുവരെ അവസാനിച്ചിട്ടില്ല. ഇത് ഏതാണ്ട് അവസാനിച്ചു എന്ന് ഞാൻ പറയുന്നില്ല, പക്ഷേ തീർന്നിട്ടില്ല. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്,” എന്ന് ട്രംപ് പറഞ്ഞു. ഇറാൻ ഭരണകൂടത്തിൻ്റെ ഭീഷണി അവസാനിപ്പിക്കാൻ “ഓപ്പറേഷൻ എപ്പിക് ഫ്യൂറി”യിലൂടെ തങ്ങൾ ഇറാനെ തകർത്തുകൊണ്ടിരിക്കുകയാണെന്നും, അവർ ഇപ്പോൾ പിന്തിരിഞ്ഞോടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്ക വിജയിച്ചുവെന്ന തൻ്റെ മുൻ നിലപാടിൽ നിന്നുള്ള മാറ്റമായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഓവൽ ഓഫീസിൽ വെച്ച് സംസാരിക്കവേ, യുദ്ധം ജയിച്ചുകഴിഞ്ഞുവെന്നും വ്യാജ വാർത്താ മാധ്യമങ്ങളാണ് ഇത് തുടർന്നുപോകാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ പുതിയ പ്രസ്താവനയോടെ ഇറാൻ വിഷയത്തിൽ അനിശ്ചിതത്വം തുടരുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

അതേസമയം, ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് 10 ദിവസത്തേക്ക് കൂടി ട്രംപ് നീട്ടിവെച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും വെള്ളിയാഴ്ച ഇറാനിലെ രണ്ട് ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തി. ഇതിന് മറുപടിയായി സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ 10 ഓളം അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു.

യുദ്ധം നാലാഴ്ച പിന്നിടുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുകയും ഓഹരി വിപണിയിൽ ഇടിവുണ്ടാവുകയും ചെയ്തിട്ടുണ്ട്. യുദ്ധം അവസാനിക്കുന്നതോടെ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമെന്നാണ് ട്രംപിൻ്റെ വാഗ്ദാനം.

Trump says war with Iran is not over; US President changes stance

More Stories from this section

family-dental
witywide