ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ വെച്ചുപിടിപ്പിച്ച് വീഡിയോ പങ്കുവെച്ച് ട്രംപ്; യുഎസിൽ കടുത്ത പ്രതിഷേധം ഉയരുന്നു

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും പ്രഥമ വനിത മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ പങ്കുവെച്ചു. ഇതിനെതിരെ അമേരിക്കയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. വീഡിയോയിൽ 2020-ലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു ഹ്രസ്വ ക്ലിപ്പിന്റെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖങ്ങൾ കുരങ്ങുകളുടെ ശരീരത്തിൽ സൂപ്പർ ഇമ്പോസ് ചെയ്തിരിക്കുന്നത്.

ഈ ദൃശ്യം വരുമ്പോൾ ‘ദി ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന പാട്ടിന്റെ തുടക്കം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിട്ടുണ്ട്. കറുത്ത വർഗ്ഗക്കാരെ കുരങ്ങുകളുമായി താരതമ്യം ചെയ്യുന്ന പഴയകാല വംശീയ അധിക്ഷേപത്തെ ഓർമ്മിപ്പിക്കുന്നതാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത് വെറും ഇന്റർനെറ്റ് മീമിന്റെ ഭാഗമാണെന്നും ട്രംപിനെ ജംഗിളിന്റെ രാജാവായും ഡെമോക്രാറ്റുകളെ ലയൺ കിംഗിലെ കഥാപാത്രങ്ങളായും ചിത്രീകരിക്കാനുള്ള ശ്രമമാണെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വിശദീകരിച്ചത്. പ്രതിഷേധം കെട്ടിച്ചമച്ച രോഷമാണെന്നും അവർ ആരോപിച്ചു.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഇതിനെ വളരെ അറപ്പുളവാക്കുന്ന പെരുമാറ്റമെന്ന് വിശേഷിപ്പിച്ചു. എല്ലാ റിപ്പബ്ലിക്കൻ അംഗങ്ങളും ഇതിനെ അപലപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹക്കീം ജെഫ്രീസ് ഉൾപ്പെടെയുള്ള മറ്റ് പ്രമുഖരും രൂക്ഷമായ വിമർശനം ഉയർത്തിയിട്ടുണ്ട്. മുൻപും ഒബാമയെ അറസ്റ്റ് ചെയ്യുന്നതുപോലുള്ള എഐ വീഡിയോകളും ഡെമോക്രാറ്റിക് നേതാക്കളെ പരിഹസിക്കുന്ന ചിത്രങ്ങളും ട്രംപ് പങ്കുവെച്ചിട്ടുണ്ടെങ്കിലും, ഈ പുതിയ വീഡിയോ വംശീയതയുടെ അതിരുകൾ കടന്നതാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.

More Stories from this section

family-dental
witywide